തിരുവനന്തപുരം: കേസില്‍ സാക്ഷിയായി എത്തേണ്ടിയിരുന്ന സി.ഐ.യെ അറസ്റ്റ് ചെയ്ത് ഹാജരാക്കാത്തതിന് എസ്.ഐ.ക്ക് കോടതിവക പരസ്യശാസനയും നില്‍പ്പ് ശിക്ഷയും.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിവീജാ രവീന്ദ്രനാണ് ഫോര്‍ട്ട് പോലീസ് എസ്.ഐ. എസ്. വിമലിനെ പരസ്യമായി ശാസിച്ചത്.

ഒട്ടേറെ മോഷണക്കേസിലെ പ്രതി റംഷാദിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്.ഐ. കോടതിയിലെത്തിയത്. ഇതിനിടെയാണ് ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ. ശ്രീജിത് സാക്ഷിയായ കേസ് കോടതി പരിഗണനയ്‌ക്കെടുത്തത്.

2011-ല്‍ ശ്രീജിത്ത് ഫോര്‍ട്ട് പോലീസ് എസ്.ഐ. ആയിരുന്നപ്പോള്‍ റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ചില പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ശ്രീജിത്തിനോട് വിചാരണയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിരുന്നു.

ഒട്ടേറെ തവണയായി ഹാജരാകാതിരുന്ന ശ്രീജിത്തിനെ എന്തുകൊണ്ട് അറസ്റ്റുചെയ്ത് ഹാജരാക്കിയില്ലെന്ന് അയാളുടെ കീഴുദ്യോഗസ്ഥനായ വിമലിനോട് കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ എസ്.ഐ. വിശദമാക്കിയെങ്കിലും കോടതിക്കു തൃപ്തിയായില്ല.

കോടതിമുറിയില്‍ പരസ്യമായി ശാസിച്ച വിമലിനെ ഒന്നര മണിക്കൂര്‍ അവിടെ നിര്‍ത്തിച്ചു. എസ്.ഐ. മാപ്പപേക്ഷിച്ചശേഷമാണ് പ്രതി റംഷാദിനെ കോടതി എസ്.ഐ.ക്കു കൈമാറിയത്.

Content Highlights: trivandrum court rebukes police sub inspector