തൊടുപുഴ: ഒന്നര വയസ്സുള്ള ആൺകുഞ്ഞിനെ കഴുത്തിലമർത്തി കൊന്നെന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം കഠിനതടവും 15,000 രൂപ പിഴയും. കോട്ടയം അയർക്കുന്നം കുന്തംചാരിയിൽ റോളിമോളെ(39)യാണ് തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പി.വി.അനീഷ് കുമാർ ശിക്ഷിച്ചത്. ഇവരുടെ ഇളയ മകനാണ് കൊല്ലപ്പെട്ടത്.

2018 ഏപ്രിൽ 18-ന് ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തിലാണ് കൊലപാതകം നടന്നത്. കോട്ടയം സ്വദേശിനിയായ പ്രതിയും കുടുംബവും അവിടെ അമ്മാവന്റെ വീടുപണിയുടെ ഭാഗമായി എത്തിയതായിരുന്നു. ഇവർക്ക് കൊല്ലപ്പെട്ട കുട്ടി കൂടാതെ ഏഴ് വയസ്സുള്ള മറ്റൊരു കുട്ടികൂടിയുണ്ടായിരുന്നു.

ഇളയ കുട്ടിയെ കൊന്നശേഷം ഓട്ടിസം ബാധിച്ച മൂത്ത കുട്ടിയുമൊത്ത് ജീവനൊടുക്കാനാണ് പ്രതി തയ്യാറെടുത്തത്. കഴുത്തിൽ വിരൽ അമർത്തിയപ്പോൾ പിടഞ്ഞ കുട്ടി കട്ടിലിൽനിന്ന് താഴെ വീണു. ഭയന്നുപോയ പ്രതി സമീപവാസികളെ വിളിച്ചുകൂട്ടി. കുട്ടി കട്ടിലിൽനിന്ന് വീണെന്നാണ് അവരോട് പറഞ്ഞത്.

ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴുത്തിലെ വിരൽപ്പാട് കണ്ട് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ അറിയിച്ചത്.

ഉപ്പുതറ ഇൻസ്പെക്ടറായിരുന്ന ഷിബുകുമാർ പ്രതിയെ അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി കിണറ്റിൽ ചാടി ജീവനൊടുക്കാനും ശ്രമിച്ചു. പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന പ്രതിഭാഗം വാദം കോടി അംഗീകരിച്ചില്ല.

Content Highlights:toddler murder mother gets life imprisonment