ന്യൂഡല്‍ഹി: മൂവാറ്റുപുഴ കൈവെട്ട് കേസില്‍ ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കുവാന്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വ്വമായ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്നും എന്‍.ഐ.എ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവില്‍ ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലെ അഞ്ചാം പ്രതിയായ നജീബിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് എന്‍.ഐ.എ ഹെഡ് ക്വാട്ടേഴ്സ് ഐ.ജി. അനില്‍ ശുക്ല സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസില്‍ ഒളിവിലായിരുന്ന ആറ് പ്രതികള്‍ക്കെതിരെ 2017 ജൂണ്‍ ഒന്നിന് ഫയല്‍ ചെയ്ത മൂന്നാം സപ്ലിമെന്ററി റിപ്പോര്‍ട്ടില്‍ വിചാരണ ഉടന്‍ ആരംഭിക്കുമെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു. 

കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് എന്‍.ഐ.എയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണയുടെ ഷെഡ്യൂള്‍ അഞ്ചാം തീയതി എറണാകുളത്തെ എന്‍.ഐ.എ കോടതി തീരുമാനിക്കുമെന്നാണ് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ 300-ഓളം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. 

കേസിലെ 37 പ്രതികളില്‍ 31 പേരാണ് നേരത്ത വിചാരണ നേരിട്ടത്. ഇതില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. 18 പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ഉയര്‍ത്തുന്നതിനായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു, ചിലരെ വെറുതെ വിട്ടതിനുമെതിരെയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 

ശിക്ഷയ്‌ക്കെതിരെ പ്രതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നീട് അറസ്റ്റിലായ പ്രതികളുടെ വിചാരണയും വൈകുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്‍ ഹൈക്കോടതി തിരികെ നല്‍കിയെന്നും അതിനാല്‍ വിചാരണ ഇനി വൈകില്ലെന്നും എന്‍.ഐ.എ സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2010 ജൂലൈ നാലാം തീയതിയാണ് മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസ്സര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസിലെ അഞ്ചാം പ്രതിയായിരുന്ന നജീബിനെ 2015-ലാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. 2019 ജൂലൈയില്‍ നജീബിന് ജാമ്യം അനുവദിച്ചു. ഇതിനെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീലില്‍ അതേ വര്‍ഷം തന്നെ സുപ്രീം കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നജീബിനെ എന്‍.ഐ.എ 2019 ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. 

Content Highlights: tj joesph hand chopping case nia filed affidavit in supreme court