തൃശ്ശൂർ: ചിയ്യാരത്ത് പെൺകുട്ടിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ(21) കൊലപ്പെടുത്തിയ കേസിലാണ് പ്രതി വടക്കേക്കാട് കല്ലൂർകോട്ടയിൽ നിധീഷിനെ(27) കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിനാണ് എൻജിനിയറിങ് കോളേജ് വിദ്യാർഥിനിയായിരുന്ന നീതുവിനെ നിധീഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 2019 ഏപ്രിൽ നാലിന് രാവിലെ 6.45-ഓടെയായിരുന്നു സംഭവം.

കാക്കനാടുള്ള ഐ.ടി. കമ്പനിയിൽ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ പ്രവേശിച്ച് കുളിമുറിയിൽ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്.

Read Also:പൊലിഞ്ഞത് ദുരന്തങ്ങൾ അതിജീവിച്ചെത്തിയ പെൺകുട്ടിയുടെ ജീവൻ; പുറംലോകം കാണാതെ പ്രതി...

സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുന്നത് അപൂർവമാണ്. 2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി. കേസിൽ പ്രതിയായ നിധീഷ് 17 തവണ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

Content Highlights:thrissur neethu murder case accused gets life imprisonment