ലണ്ടന്‍: ലങ്കാഷെയറില്‍ 18 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി പ്രതിയായ ബ്രിയാന്‍ ഹീല്ലസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 

2019 മെയ് ഒന്നിനാണ് ലങ്കാഷെയറിലെ പാര്‍ബോള്‍ഡ് ഹില്ലിലെ വിജനമായ സ്ഥലത്ത് അലക്‌സ് ഡേവിസ് എന്ന കൗമാരക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു ചെളിയില്‍ പുതഞ്ഞനിലയില്‍ മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് അലക്‌സ് ഡേവിസാണെന്ന് തിരിച്ചറിഞ്ഞു. അലക്‌സിന്റെ മൊബൈല്‍ ഫോണും പണവും നഷ്ടമായിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയായ ബ്രയാന്‍ ഹീല്ലസ് വലയിലായത്. അലക്‌സിന്റെ ഫോണും പണവും ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. 

ഗേ ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡറിലൂടെയാണ് (സ്വവര്‍ഗാനുരാഗികള്‍ പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍) അലക്‌സും ബ്രയാനും അടുപ്പത്തിലാകുന്നതെന്ന് പോലീസ് പറഞ്ഞു. അടുപ്പം ശക്തമായപ്പോള്‍ ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിച്ചു. തനിക്ക് നിന്നെ കെട്ടിപ്പുണരണമെന്നും എന്നാല്‍ അത് പൊതുസ്ഥലത്ത് നടക്കില്ലെന്നും ബ്രയാന്‍ അലക്‌സിനോട് പറഞ്ഞിരുന്നു. അതിനായി രഹസ്യമായ ഒരു സ്ഥലത്തേക്ക് പോകാമെന്നും സൂചിപ്പിച്ചു. അങ്ങനെയാണ് ഇരുവരും ഏപ്രില്‍ 29-ന് വൈകീട്ട് പാര്‍ബോള്‍ഡ് ഹില്ലിലെ വിജനമായ സ്ഥലത്തേക്ക് എത്തുന്നത്. ഇവിടെവെച്ച് ബ്രയാന്‍ കത്തി കൊണ്ട് അലക്‌സിനെ കുത്തിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തും വയറിലും അടക്കം ആകെ 128 തവണയാണ് അലക്‌സിനെ കുത്തിയത്. ഇതിനൊപ്പം ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. ശേഷം മൃതദേഹം മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച് ബ്രയാന്‍ വീട്ടിലേക്ക് മടങ്ങി. കൃത്യം നടത്തിയ ദിവസത്തിന് ശേഷം മറ്റു നാലു പേരോടും ബ്രയാന്‍ ഗ്രിന്‍ഡര്‍ ആപ്പില്‍ സംസാരിച്ചിരുന്നതായും അവരോടും ഇത്തരം രഹസ്യകേന്ദ്രത്തില്‍വെച്ച് കാണണമെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയില്ലെങ്കില്‍ മറ്റുചിലരുടെയും ജീവന്‍ നഷ്ടമാകുമായിരുന്നുവെന്നാണ് പ്രോസിക്യൂഷനും കോടതിയില്‍ പറഞ്ഞത്. 

അതേസമയം, കോടതിയിലെ വാദത്തിനിടെ പ്രതി കൊലക്കുറ്റം നിഷേധിച്ചിരുന്നു. മാത്രമല്ല, ബ്രയാന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 

Content Highlights: teenager killed by gay dating app friend in uk