ചെന്നൈ: ചെന്നൈയില്‍ അധ്യാപകര്‍ക്കെതിരേ ലൈംഗികപീഡനക്കേസുകള്‍ വന്ന സാഹചര്യത്തില്‍ ഒമ്പതുമുതല്‍ 12വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനും വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.

അനാവശ്യസന്ദേശങ്ങള്‍ അധ്യാപകര്‍ ഒഴിവാക്കണം. അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ജില്ലാ വിദ്യാഭ്യാസ അധികൃതരും പ്രധാനാധ്യാപകരും നിരീക്ഷിക്കും. ഇത്തരം ഗ്രൂപ്പുകളില്‍ പ്രധാനാധ്യാപകരെയും ഉള്‍പ്പെടുത്തും. അനാവശ്യ സന്ദേശങ്ങള്‍ക്കായി വാട്‌സാപ്പ് ദുരുപയോഗം ചെയ്യരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കും. ഗ്രൂപ്പില്‍ അപ്രസക്തമായ വിവരങ്ങള്‍ പോസ്റ്റുചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാര്‍ഥികളെ പ്രധാനാധ്യാപകന്‍ ഉപദേശിക്കും.

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ചെന്നൈയിലെ പദ്മശേഷാദ്രി ബാലഭവന്‍ സ്‌കൂളിലെ അധ്യാപകനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നഗരത്തിലെ മറ്റു സ്‌കൂള്‍വിദ്യാര്‍ഥികളും സമാനമായ പരാതികളുമായി രംഗത്തെത്തിയിരുന്നു.

അധ്യാപകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നീട്ടി 

ചെന്നൈ: വിദ്യാര്‍ഥിനികളുടെ ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ സ്‌കൂള്‍ അധ്യാപകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ചെന്നൈയിലെ പ്രത്യേകകോടതി വ്യാഴാഴ്ചത്തേക്ക് നീട്ടി.

കെ.കെ. നഗര്‍ പത്മശേഷാദ്രി ബാലഭവന്‍ (പി.എസ്.ബി.ബി.) സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ രാജഗോപാലിന്റെ ജാമ്യാപേക്ഷയാണ് പോക്സോ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേകകോടതി നീട്ടിയത്. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ തടയല്‍ (പോക്സോ) നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ ഉടന്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തില്‍ പോലീസിന്റെ അഭിപ്രായം ആരാഞ്ഞ കോടതി വാദം കേള്‍ക്കുന്നത് നീട്ടുകയായിരുന്നു. രാജഗോപാലനെ ചോദ്യംചെയ്യുന്നതിനായി അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് നല്‍കിയ ഹര്‍ജിയും വ്യാഴാഴ്ച പരിഗണിക്കും.

പി.എസ്.ബി.ബി.യിലെ മുന്‍ വിദ്യാര്‍ഥിനികളും നിലവിലെ വിദ്യാര്‍ഥിനികളുമാണ് രാജഗോപാലിനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചത്. ഇവരില്‍ ചിലര്‍ പിന്നീട് പോലീസില്‍ പരാതിനല്‍കി. 

ഓണ്‍ലൈന്‍ ക്ലാസില്‍ അര്‍ധനഗ്‌നനായി പങ്കെടുത്തു,വാട്സാപ്പില്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് രാജഗോപാലിനെതിരേ ഉന്നയിച്ചത്. നേരിട്ട് ക്ലാസുകള്‍ നടക്കുന്നസമയത്ത് മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ഇയാളുടെപേരില്‍ ആരോപണമുണ്ട്.