ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് ഇരയുടെ കൈയിലെ ടാറ്റൂ പരിഗണിച്ച്. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രജ്‌നീഷ് ഭട്ട്‌നഗറാണ് പീഡനക്കേസിലെ പ്രതിയായ സഞ്ജയ് എന്നയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇരയെന്ന് പറയുന്ന യുവതിയുടെ കൈയിലെ ടാറ്റൂവിനൊപ്പം പ്രതിഭാഗം ഹാജരാക്കിയ സെല്‍ഫി ചിത്രങ്ങളും വീട്ടുടമസ്ഥന്റെ മൊഴിയും ജാമ്യം അനുവദിക്കുന്നതിന് കാരണമായി. 

വിവാഹിതയായ യുവതിയാണ് സഞ്ജയ്‌ക്കെതിരേ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിരുന്നത്. 2016 മുതല്‍ 2019 വരെ പ്രതി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും പിന്നീട് തടവില്‍ പാര്‍പ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. കേസില്‍ സഞ്ജയെ പോലീസ് അറസ്റ്റ് ചെയ്തു. 2020 ജൂണ്‍ മുതല്‍ ഇയാള്‍ ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. 

കേസ് കെട്ടിച്ചമച്ചതാണെന്നും ഇരയാണെന്ന് പറയുന്ന യുവതിയും പ്രതിയും തമ്മില്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. വിവാഹിതയായ യുവതി പ്രതിയുടെ പേര് കൈയില്‍ ടാറ്റൂ ചെയ്തത് ഇവരുടെ സ്‌നേഹബന്ധത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇതോടൊപ്പം ഇരുവരും തമ്മിലുള്ള ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രതിയുമായുള്ള രഹസ്യബന്ധം തുടരാന്‍ കഴിയാതായതോടെയാണ് യുവതി വ്യാജ പീഡന പരാതി നല്‍കിയതെന്നും പ്രതിഭാഗം പറഞ്ഞു. 

അതേസമയം, പ്രതി ബലംപ്രയോഗിച്ച് ടാറ്റൂ ചെയ്തതാണെന്ന യുവതിയുടെ വാദം കോടതി തള്ളി. 'ടാറ്റൂ ഒരു കലയാണ്. അത് ചെയ്യാനായി പ്രത്യേക മെഷീനുകള്‍ വേണം. ഒരാള്‍ എതിര്‍ക്കുകയാണെങ്കില്‍ അയാളുടെ കൈയില്‍ ടാറ്റൂ ചെയ്യുന്നത് എളുപ്പമല്ല'- ജസ്റ്റിസ് രജനീഷ് ഭട്ട്‌നഗര്‍ പറഞ്ഞു. യുവതിയെ തടവില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ച വീടിന്റെ ഉടമസ്ഥന്റെ മൊഴിയും കോടതി കണക്കിലെടുത്തു. ഒറ്റയ്ക്ക് താമസിക്കാനാണെന്ന് പറഞ്ഞതിനാലാണ് താന്‍ യുവതിക്ക് വാടകയ്ക്ക് വീട് നല്‍കിയതെന്നായിരുന്നു ഇയാളുടെ മൊഴി. മാത്രമല്ല, പോലീസ് പിടിച്ചെടുത്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് യുവതിയുടെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്നും യുവതി പരാതി നല്‍കാന്‍ താമസിച്ചതും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടത്. 

Content Highlights: tattoo on womans arm leads court to bail rape accused in delhi