കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജയില്‍ മോചിതയായ സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തേക്ക് പോകാന്‍ ജാമ്യവ്യവസ്ഥ തടസ്സം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ കൊച്ചി അതിര്‍ത്തി വിട്ടു പോകരുതെന്നായിരുന്നു വ്യവസ്ഥ. ഇതിനാലാണ് തിരുവനന്തപുരത്ത് ജയില്‍ മോചിതയായ ഉടന്‍ സ്വപ്ന കൊച്ചിയിലേക്ക് എത്തിയത്.

ഇ.ഡി. കേസില്‍ 2020 ഒക്ടോബര്‍ 13-ന് ആണ് സാമ്പത്തികക്കേസുകള്‍ കൈകാര്യംചെയ്യുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവിധിയിലാണ് മറ്റു വ്യവസ്ഥകള്‍ക്കൊപ്പം കൊച്ചി വിടരുതെന്ന് നിര്‍ദേശിച്ചിരുന്നത്. അപ്പോള്‍ കൊഫെപോസ തടവുകാരിയായി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ തുടര്‍ന്നതിനാല്‍ ഉപാധി ബാധകമായിരുന്നില്ല. ഇപ്പോള്‍ ജയില്‍മോചിതയായതോടെയാണ് കൊച്ചിവിട്ടുപോകാന്‍ തടസ്സമായത്.

കൊച്ചി അതിര്‍ത്തി വിട്ടുപോകരുതെന്ന വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാകുന്ന അവസ്ഥയുണ്ടാകും. തിരുവനന്തപുരം സ്വദേശിയാണെന്നും കൊച്ചിയില്‍ തങ്ങുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് സ്വപ്ന അഭിഭാഷകന്‍ മുഖേന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഇ.ഡി.യുടെ അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വിശദീകരണം നല്‍കണം.