ന്യൂഡല്‍ഹി: പാവപ്പെട്ട കുടുംബത്തിലെ പ്രതികള്‍ക്കാണ് വധശിക്ഷ ലഭിക്കുന്നതെന്ന തോന്നല്‍ (ഒരുപക്ഷേ, തെറ്റായ) സമൂഹത്തിലുണ്ടെന്ന് ആലുവ കൂട്ടക്കൊലക്കേസ് വിധിന്യായത്തില്‍ സുപ്രീംകോടതി നിരീക്ഷിച്ചു. വധശിക്ഷയോ ജീവപര്യന്തമോ വിധിക്കുമ്പോള്‍ പ്രതിയുടെ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകള്‍ പരിശോധിക്കുന്നതിന് ഇതും കാരണമാണ്. ഇക്കാര്യം വ്യക്തമാക്കുന്ന ഒട്ടേറെ സുപ്രീംകോടതിവിധികളുമുണ്ട്. പ്രതി കുറ്റവാളിയാണോ എന്ന് കണ്ടെത്തുന്നതില്‍ ചുറ്റുപാട് നോക്കേണ്ട ആവശ്യമില്ലെങ്കിലും ശിക്ഷ വിധിക്കുമ്പോള്‍ അതുവേണം. പ്രതി ദീര്‍ഘകാലം ജയിലില്‍ കിടന്നതു പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യത്തിന്റെ തീവ്രത സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കുകയും ജനങ്ങളുടെ ''സാധാരണ ജീവിതത്തെ അലട്ടുകയും ചെയ്തതായി തെളിവില്ല. പ്രതി കൊടുംകുറ്റവാളിയാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിന് തെളിവിന്റെ പിന്‍ബലമില്ല. പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്നതുസംബന്ധിച്ച് അര്‍ഥവത്തായ ചര്‍ച്ചയുമുണ്ടായിട്ടില്ല. പ്രതിക്ക് ആവശ്യത്തിനു നിയമസഹായം ലഭിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കണം. ഈ കേസില്‍ അതിനു പ്രസക്തിയുണ്ട്.
അഭിഭാഷകരെ വെക്കാന്‍ സാധിക്കാത്ത പ്രതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റികളെ സമീപിക്കുകയാണ് പതിവ്. അവര്‍ സാധ്യമായ സഹായം ചെയ്യുമെങ്കിലും ചിലപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാറില്ല. ഡ്രൈവറായിരുന്ന ആന്റണി ഗള്‍ഫില്‍ ജോലിചെയ്യാനാണ് ആഗ്രഹിച്ചത്. അതിനായി വിസയും സംഘടിപ്പിച്ചു. ഏജന്റിനു നല്‍കേണ്ട 62,000 രൂപയില്‍ 25,000 മാത്രമാണ് ആന്റണിക്ക് സംഘടിപ്പിക്കാന്‍ സാധിച്ചത്. ബാക്കിത്തുക ചോദിക്കാനോ അല്ലെങ്കില്‍ കവര്‍ന്നെടുക്കാനോ ആണ് ആലുവ മാഞ്ഞൂരാന്‍സ് ഹാര്‍ഡ്വേര്‍ ഉടമയുടെ വീട്ടിലെത്തിയത്. അവര്‍ തുക നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് കുടുംബാംഗങ്ങളെ മുഴുവന്‍ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്.''- കോടതി പറഞ്ഞു.
പ്രതിയുടെ വാദം
സാഹചര്യത്തെളിവുകള്‍ മാത്രം പരിഗണിച്ചാണ് ശിക്ഷവിധിച്ചത്. മാനസാന്തരപ്പെടാനുള്ള സാധ്യത കോടതികള്‍ പരിഗണിച്ചില്ല. പ്രതി കൊടുംകുറ്റവാളിയാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണ്. മുമ്പ് കുറ്റകൃത്യങ്ങള്‍ നടത്തിയതായി തെളിവില്ല. സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകള്‍ കണക്കിലെടുത്തില്ല. പ്രതി ദീര്‍ഘകാലമായി ജയിലിലാണെന്നതും ശിക്ഷയിളവിന് അര്‍ഹത നല്‍കുന്നു. 2001 ഫെബ്രുവരിയില്‍ അറസ്റ്റിലായ പ്രതിക്ക് 2002 ജനുവരിയിലാണ് ജാമ്യം ലഭിച്ചത്. പിന്നീട് 2005 ജനുവരിയില്‍ അറസ്റ്റിലായ പ്രതി അന്നുമുതല്‍ ജയിലിലാണ്.
ചരിത്രം
ആലുവ മാഞ്ഞൂരാന്‍ വീട്ടിലെ ആറുപേരെയാണ് 2001 ജനുവരിയില്‍ ആന്റണി കൊന്നത്. രക്തദാഹിയായ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ ശരിവെച്ചത്. സി.ബി.ഐ. കേരളത്തില്‍ അന്വേഷിച്ച കൊലക്കേസുകളിലെ ആദ്യ വധശിക്ഷയായിരുന്നു ഇത്. 2009-ലാണ് സുപ്രീംകോടതി വധശിക്ഷ ശരിവെച്ചത്. പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയതാണ്. എന്നാല്‍, വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് 2014-ല്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധിവന്നതാണ് ആന്റണിയുടെ കേസില്‍ വഴിത്തിരിവായത്. അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടേതായിരുന്നു ആ വിധി. തുടര്‍ന്നാണ് ആന്റണിയുടെ കേസ് വീണ്ടും പരിഗണിച്ചത്.