ന്യൂഡല്‍ഹി: ഗോവയിലെ ഹോട്ടലുടമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി ബെഞ്ച് ഹോളി അവധിയായ തിങ്കളാഴ്ച പ്രത്യേക സിറ്റിങ് നടത്തി. ഡല്‍ഹി സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസില്‍ ഹോട്ടലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യവും നല്‍കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ജൂഡ് ലോബോയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

ജാമ്യഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ ലോബോ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഡല്‍ഹി ഭജന്‍പുര പോലീസ് സ്റ്റേഷനിലെ പരാതിയെത്തുടര്‍ന്ന് തലസ്ഥാനത്തെ കഡ്കഡൂമ കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. അറസ്റ്റില്‍നിന്ന് കോടതി ഇടക്കാല സംരക്ഷണവും നല്‍കി.

എന്നാല്‍, പ്രത്യേക കോടതി ഇത് റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ച്ച് 26-ന് ഹൈക്കോടതി അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. പരാതിക്കാരിയും പ്രതിയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ലോബോയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രഥമദൃഷ്ട്യാ മുന്‍കൂര്‍ ജാമ്യം നല്‍കാവുന്ന കേസാണിതെന്ന് സുപ്രീംകോടതി വിലയിരുത്തി. പ്രതിയെ അറസ്റ്റ് ചെയ്താല്‍ പതിനായിരം രൂപയുടെ വ്യക്തിഗത ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Content Highlights: supreme court hearing on holiday and given anticipatory bail to rape case accused