സൂയസ് കനാലിലെ തടസ്സം നീക്കി കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ഗിവണ്‍ ചലിച്ചുതുടങ്ങിയെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നു. ദിവസങ്ങളോളം സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ കപ്പലിലെ ജീവനക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കാമെന്നാണ്  റിപ്പോര്‍ട്ട്. 

25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് എവര്‍ഗിവണ്‍ കപ്പലിലുള്ളത്. ഇവര്‍ക്കെതിരേ സൂയസ് കനാല്‍ അതോറിറ്റി ഇനി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഒരുപക്ഷേ, ക്രിമിനല്‍ കുറ്റം അടക്കം ഇവര്‍ക്കെതിരേ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ വ്യവസായരംഗത്തെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം എവര്‍ഗിവണിലെ ക്യാപ്റ്റനും ചില ജീവനക്കാര്‍ക്കും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജീവനക്കാരെ വീട്ടുതടങ്കലിലാക്കിയേക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, നിയമനടപടികളെക്കുറിച്ച് കപ്പല്‍ മാനേജ്‌മെന്റ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സംഭവത്തില്‍ ജീവനക്കാരെ ബലിയാടാക്കുമെന്ന് ഉറപ്പാണെന്നായിരുന്നു കപ്പല്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുടെ പ്രതികരണം. 

കപ്പല്‍ കുടുങ്ങാനിടയായതിന്റെ കാരണം കണ്ടെത്താന്‍ ഡാറ്റ റെക്കോര്‍ഡര്‍ അടക്കം പരിശോധിക്കുന്നതാണ് അടുത്തഘട്ടമെന്ന് നാഷണല്‍ ഷിപ്പിങ് ബോര്‍ഡ്(എന്‍സിബി) അംഗമായ ക്യാപ്റ്റന്‍ സഞ്ജയ് പ്രശാര്‍ പറഞ്ഞു. ഇതിലൂടെ അപകടത്തിന്റെ കാരണം എന്താണെന്ന് മനസിലാക്കാമെന്നും അതിന് മുമ്പ് കപ്പല്‍ എങ്ങനെയാണ് യാത്ര ചെയ്തതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കപ്പലിലെ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് മാനേജ്‌മെന്റ് നല്‍കുന്നവിവരം. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കപ്പല്‍ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാര്‍ കഠിനമായി പരിശ്രമിച്ചെന്നും ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും മാനേജ്‌മെന്റ് പറഞ്ഞു. അതേസമയം, കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിട്ടില്ല. ജീവനക്കാര്‍ക്ക് പിന്തുണയുമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവികരുടെ സംഘടന രംഗത്തെത്തി. കപ്പലിലെ ജീവനക്കാരായ ഇന്ത്യക്കാരുമായി ബന്ധപ്പെട്ടെന്നും അവര്‍ കുറച്ച് സമ്മര്‍ദത്തിലാണെങ്കിലും സുരക്ഷിതരാണെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗനി സെറാങ് ട്വീറ്റ് ചെയ്തു. അവര്‍ ഒറ്റയ്ക്കല്ലെന്നും തങ്ങള്‍ ഏതുവിധത്തിലും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മാര്‍ച്ച് 23-നാണ് എവര്‍ഗിവണ്‍ കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഏകദേശം 350-ലേറെ കപ്പലുകള്‍ സൂയസ് കനാലിലെ ട്രാഫിക് ബ്ലോക്കില്‍പ്പെട്ടു. ഇതോടെ പ്രതിദിനം 69 ലക്ഷം കോടി രൂപ(9.6 ബില്യണ്‍ ഡോളര്‍)യുടെ ചരക്കുനീക്കമാണ് തടസപ്പെട്ടത്. 

Content Highlights: suez canal traffic jam crew with indians may face legal charges