പട്‌ന: ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ മോഷണം നടത്തിയ 16 വയസ്സുകാരന് തുണയായി കോടതി. മോഷണക്കേസില്‍ 16 കാരനെ വെറുതെവിട്ട കോടതി ഇയാള്‍ക്കും കുടുംബത്തിനും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ പോലീസിനും അധികൃതര്‍ക്കും നിര്‍ദേശവും നല്‍കി.  ബിഹാര്‍ നളന്ദയിലെ കോടതിയാണ് മോഷണക്കേസില്‍ മനുഷ്യത്വപരമായ ഇടപെടല്‍ നടത്തിയത്. 

ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന 16 വയസ്സുകാരനെ ഒരു സ്ത്രീയുടെ പേഴ്‌സ് മോഷ്ടിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്ത്. ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ മാര്‍ക്കറ്റിലായിരുന്നു മോഷണം നടന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയായ 16 കാരനെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ എന്തിനാണ് താന്‍ മോഷണം നടത്തിയതെന്ന കാര്യം 16 കാരന്‍ കോടതിയില്‍ തുറന്നുപറഞ്ഞതോടെ ഏവരുടെയും കണ്ണുനിറഞ്ഞു. 

പിതാവ് മരിച്ചതോടെ മാനസികവൈകല്യമുള്ള അമ്മയുടെയും 13 വയസ്സുള്ള സഹോദരന്റെയും ഏക ആശ്രയം 16 കാരനായിരുന്നു. പിതാവിന്റെ മരണശേഷം ഹോട്ടലുകളിലും മറ്റുവീടുകളിലും ചെറിയ ജോലികള്‍ ചെയ്ത് ലഭിക്കുന്ന പണമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ നിലവില്‍വന്നതോടെ ജോലി ഇല്ലാതായി. കുടുംബം പട്ടിണിയിലുമായി. അമ്മയും സഹോദരനും താനും വിശന്ന് വലഞ്ഞതോടെയാണ് മോഷ്ടിച്ചാണെങ്കിലും പണമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയതെന്നും 16 വയസ്സുകാരന്‍ കോടതിയില്‍ പറഞ്ഞു. ഇതെല്ലാം കേട്ടതോടെയാണ് കേസില്‍ 16 കാരനെ വെറുതെവിട്ടും കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പുവരുത്തിയും കോടതി ഉത്തരവിട്ടത്. 

16 കാരനും കുടുംബത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്രയുംപെട്ടെന്ന് എത്തിച്ചുനല്‍കണമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. വിധവയായ കുട്ടിയുടെ അമ്മയ്ക്ക് വിധവാ പെന്‍ഷന്‍ ഉറപ്പുവരുത്തണമെന്നും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറോടും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്ക് ആധാറും റേഷന്‍ കാര്‍ഡും അനുവദിക്കാനും സര്‍ക്കാരിന്റെ ഏതെങ്കിലും പാര്‍പ്പിട നിര്‍മാണ പദ്ധതിയില്‍ ഈ കുടുംബത്തിന് ഫണ്ട് അനുവദിക്കാനും കോടതി ഉത്തരവിട്ടു. നാല് മാസത്തിന് ശേഷം ഇതെല്ലാം നടപ്പിലാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

Content Highlights: starvation due to lockdown; boy held in theft case, court ensured aid for his family