ഭോപ്പാല്‍: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റെക്കോഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ദത്തിയയിലെ പ്രത്യേക കോടതിയാണ് മൂന്നുദിവസത്തെ വിചാരണയ്ക്ക് ശേഷം കേസിലെ പ്രതി മോത്തിലാല്‍ അഹിര്‍വാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇത്തരം കേസുകളില്‍ രാജ്യത്തുതന്നെ ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസാണ് ദത്തിയയിലേതെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. 

പോക്‌സോ നിയമത്തിലെ 3,4,5 വകുപ്പുകളും, ഐ.പി.സി 376(എ.ബി) 366 വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആകെ 17 സാക്ഷികളെയും കേസില്‍ വിസ്തരിച്ചു. 

2018 മെയ് 29നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മോത്തിലാല്‍ അഹിര്‍വാര്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒരു വിവാഹചടങ്ങില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി, സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ചാണ് പീഡനത്തിനിരയാക്കിയത്. ഇതിനിടെ കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയും 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കണമെന്നുള്ള ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയിരുന്നു. ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടവ് വിധിക്കണമെന്നും ബില്ലില്‍ പറഞ്ഞിരുന്നു.

Content Highlights: speediest trial; madhya pradesh court sentenced life imprisonment for raping six year old girl.