ന്യൂഡല്‍ഹി: പത്തുവർഷം മുമ്പ് വധശിക്ഷയ്ക്കു വിധിച്ച ആറു പേരെ സുപ്രീംകോടതി വെറുതേവിട്ടു. 16 വർഷം മുമ്പ് നടന്ന സംഭവത്തിൽ പുനരന്വേഷണം നടത്താൻ വിധിച്ച സുപ്രീംകോടതി, ആറുപ്രതികൾക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

അഞ്ചുകൊലപാതകവും രണ്ടു ബലാത്സംഗവും നടത്തിയ കേസിലാണ് പ്രതികളെ വെറുതേവിട്ടത്. ബലാത്സംഗത്തിന് ഇരയായ 15 വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബലാത്സംഗത്തിനിരയായ സ്ത്രീ മജിസ്‌ട്രേറ്റിനു മുമ്പാകെ നൽകിയ മൊഴിയാണ് നിർണായകമായത്.

ഒരു ഫോട്ടോയിൽ നിന്ന് നാലു പ്രതികളെ സ്ത്രീ തിരിച്ചറിഞ്ഞെങ്കിലും അവരാരും ഈ കേസിൽ വിചാരണ നേരിട്ടവരായിരുന്നില്ല. കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് നാടോടികളായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ ഇതിൽ തുടരന്വേഷണം വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറു പ്രതികളിൽ അഞ്ചു പേരും 16 വർഷമായി ജയിലിൽ കിടക്കുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതികളിൽ ഒരാളെ, പ്രായപൂർത്തിയായിട്ടില്ലെന്നു തിരിച്ചറിഞ്ഞ് പിന്നീട് ജയിലിൽ നിന്നു മാറ്റിയിരുന്നു. തൂക്കുകയർ മുന്നിൽക്കണ്ട് വർഷങ്ങളോളം ജയിലിൽ കിടന്ന യുവാക്കളായ പ്രതികൾക്ക് അവരുടെ വിലപ്പെട്ട വർഷങ്ങൾ നഷ്ടമായെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

അങ്കുഷ് മാരുതി ഷിൻഡെ, രാജ്യ അപ്പ ഷിൻഡെ, അംബാദാസ് ലക്ഷ്മൺ ഷിൻഡെ, രാജു ഷിൻഡെ, ബാപു അപ്പ ഷിൻഡെ, സൂര്യ എന്നിവരാണ് പ്രതികൾ. ആറു പ്രതികളെയും വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മൂന്നുപേരുടെ ശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി.

എന്നാൽ, 2009-ൽ ജസ്റ്റിസ് അരിജിത് പസായത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ആറുപേരെയും വധശിക്ഷയ്ക്കു വിധിച്ചു. അതായത്, ഹൈക്കോടതി വധശിക്ഷ ശരിവെച്ച മൂന്നുപേരുടെ അപേക്ഷ തള്ളുകയും മറ്റ് മൂന്നുപേർക്കു കൂടി വധശിക്ഷ വിധിക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ഹർജി അംഗീകരിക്കുകയും ചെയ്തു.

വധശിക്ഷ ശരിവെച്ചതിനെതിരേ മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജിയും 2010-ൽ സുപ്രീംകോടതി തള്ളി. അതേസമയം, മറ്റ് മൂന്ന് പ്രതികൾ 2014-ൽ നൽകിയ പുനഃപരിശോധനാ ഹർജി ജസ്റ്റിസ് എ.കെ. പട്‌നായിക് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചു. 2016-ൽ, നേരത്തെ പുനഃപരിശോധനാ ഹർജി തള്ളപ്പെട്ട മൂന്നു പ്രതികളും സുപ്രീംകോടതിയെ വീണ്ടും സമീപിച്ചു. തുടർന്ന് 2018 ഒക്ടോബറിൽ ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 2009-ലെ വിധി പിൻവലിച്ചുകൊണ്ട് പ്രതികളുടെ അപ്പീലുകൾ പുനഃസ്ഥാപിച്ചത്. ഈ അപ്പീലുകളിന്മേലാണ് ജസ്റ്റിസ് സിക്രിയുടെ ബെഞ്ച് വിധിപറഞ്ഞത്.

Content Highlights: six were released whose sentenced to death ten years ago,