തിരുവനന്തപുരം: അഭയ കൊലക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തിനിടെ ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരും മൂന്നാംപ്രതി സിസ്റ്റര്‍ സെഫിയുമാണ് കോടതിയിലെ വാദത്തിനിടെ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടത്. പ്രായാധിക്യവും രോഗവും കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്നായിരുന്നു കോട്ടൂരിന്റെ ആവശ്യം. രോഗിയാണെന്നും പ്രായമായ മാതാപിതാക്കളാണുള്ളതെന്നും സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 

തനിക്ക് 71 വയസ്സുണ്ട്, പെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നത്. ഒട്ടേറെ അശരണര്‍ക്കും നിരാലംബര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചയാളാണ്. താന്‍ ഒരിക്കലും കൊലപാതകം ചെയ്യില്ല. നിരപരാധിയാണ്. ശിക്ഷയില്‍ ഇളവ് വേണം- ഫാ. കോട്ടൂര്‍ കോടതിയോട് ആവശ്യപ്പെട്ടു. അര്‍ബുദ രോഗിയാണെന്ന കാര്യവും ഇദ്ദേഹം കോടതിയെ അറിയിച്ചു. 

പ്രമേഹവും വൃക്കസംബന്ധമായ അസുഖങ്ങളും തനിക്കുണ്ടെന്നായിരുന്നു സിസ്റ്റര്‍ സെഫി കോടതിയില്‍ പറഞ്ഞത്. പ്രായമേറിയ മാതാപിതാക്കളാണുള്ളത്. അവരെ സംരക്ഷിക്കണം. പെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നതെന്നും സെഫി കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളും സെഫി നിഷേധിച്ചു. കാനന്‍ നിയമപ്രകാരം പുരോഹിതര്‍ പിതാവിന് തുല്യമാണ്. അതിനാല്‍ പുരോഹിതരുമായി ഒരിക്കലും അത്തരത്തിലുള്ള ബന്ധമുണ്ടാകില്ല. പ്രോസിക്യൂഷന്‍ തനിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ കെട്ടിച്ചമച്ച ഇല്ലാക്കഥകളാണെന്നും സിസ്റ്റര്‍ സെഫി പറഞ്ഞു. ഇരുവരെയും കോടതി അടുത്തേക്ക് വിളിപ്പിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞത്. 

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. തുടര്‍ന്ന് 11.50-ഓടെയാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷാ വിധി വായിച്ചത്. വിധി കേട്ട് സിസ്റ്റര്‍ സെഫിയുടെ കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകള്‍ പൊട്ടിക്കരഞ്ഞു. 

Content Highlights: sister abhaya murder case father thomas kottoor and sister sephy explains their versions in court