കൊച്ചി: കേസ് നടത്താന്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വ. ഹരീഷ് സാല്‍വെ അഭയ കേസിലെ സാക്ഷിയായ അച്ചാമ്മക്ക് വേണ്ടി അത്യുന്നത നീതിപീഠത്തില്‍ ഹാജരായത് വിചിത്രമായ സാഹചര്യമായി ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം പ്രത്യേക സി.ബി.ഐ. കോടതി വിധിയില്‍ പരാമര്‍ശിച്ചു.
അഭയ കൊലക്കേസ് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ച വിധിയില്‍ ജഡ്ജി സനല്‍കുമാറിന്റെ പരാമര്‍ശം അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും കണ്ണുകള്‍ ആകാംക്ഷയോടെ തുറപ്പിക്കാന്‍ പര്യാപ്തമാണ്. അതിന്റെ സാഹചര്യങ്ങള്‍ വിധിയില്‍ പറയുന്നുണ്ട്.
അഭയ താമസിച്ചിരുന്ന കോണ്‍വെന്റിലെ പാചകക്കാരിയും പ്രോസിക്യൂഷന്റെ പതിനൊന്നാം സാക്ഷിയുമായിരുന്നു അച്ചാമ്മ. തീരെ പാവപ്പെട്ട ഒരു സ്ത്രീ.
അച്ചാമ്മയെയും മറ്റ് രണ്ട് സാക്ഷികളെയും നാര്‍കോ പരിശോധനക്ക് വിധേയമാക്കാന്‍ 2009-ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരുന്നത്. അതിനാല്‍ നാര്‍കോ പരിശോധനയുടെ ഭരണഘടനാ സാധുത അച്ചാമ്മയും മറ്റും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. അന്ന് ഇവര്‍ക്ക് വേണ്ടി ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ അഡ്വ. ഹരീഷ് സാല്‍വെയാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
ഒരു കക്ഷിക്ക് വേണ്ടി ഹാജരായാല്‍ ലക്ഷങ്ങളാണ് സാല്‍വെ ഫീസായി വാങ്ങുന്നത്. തന്റെ ഹര്‍ജി വാദിക്കാന്‍ സുപ്രീം കോടതിയില്‍ ഹരീഷ് സാല്‍വെയെ ഏര്‍പ്പെടുത്തിയതും ഫീസിനുള്ള പണം മുടക്കിയതും കോണ്‍വെന്റാണെന്ന് സാക്ഷിയായ അച്ചാമ്മ തിരുവനന്തപുരത്തെ വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
അഡ്വ. ഹരീഷ് സാല്‍വെ ഹാജരായിരുന്നുവെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, അതിന് പിന്നിലുള്ള അടിയൊഴുക്കുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും അവര്‍ വിശദീകരിച്ചു. അച്ചാമ്മ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയെക്കുറിച്ച് പ്രോസിക്യൂഷനാണ് കേസ് വിചാരണ ചെയ്ത തിരുവനന്തപുരത്തെ കോടതിയെ അറിയിച്ചത്.
പാവപ്പെട്ട ഒരു സ്ത്രീയായ അച്ചാമ്മയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെ എങ്ങനെ ഹാജരായി എന്നുള്ളത് വിചിത്രമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് നടത്താന്‍ ഹരീഷ് സാല്‍വെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന കാര്യം അറിയാമോ എന്ന് പ്രോസിക്യൂട്ടര്‍ അച്ചാമ്മയോട് ചോദിച്ചിരുന്നു. അഭിഭാഷകന്റെ പേര് തനിക്ക് അറിയില്ല. തനിക്കൊന്നും അറിയല്ല. കേസിന് ഫീസ് മുടക്കിയത് കോണ്‍വെന്റാണ് എന്നാണ് അച്ചാമ്മ മറുപടിയായി പറഞ്ഞിരുന്നത്.
ഈ കേസ് നിലനില്‍ക്കെയാണ് മറ്റൊരു സമാനമായ കേസില്‍ 2010 മെയ് മാസത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. ഒരു വ്യക്തിയെ നിര്‍ബന്ധിപ്പിച്ച് നാര്‍കോ പരിശോധനക്ക് വിധേയമാക്കാന്‍ പാടില്ലെന്നായിരുന്നു കോടതി വിധി. അതിന്റെ അടിസ്ഥാനത്തില്‍ 2012-ല്‍ സുപ്രീം കോടതി അച്ചാമ്മയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞു. ഹര്‍ജി അനുവദിച്ചുകൊണ്ട് അച്ചാമ്മക്ക് അനുകൂലമായിരുന്നു വിധി.
വിചാരണ തിരുവനന്തപുരം കോടതിയില്‍ നടക്കവെ അച്ചാമ്മ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തി അച്ചാമ്മയുടെ മൊഴി കോടതി തള്ളിയില്ല.
കേസ് അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമം നടത്തിയതായി കോടതി പറഞ്ഞു. അട്ടിമറിക്ക് പണവും ആള്‍ബലവും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി അനുമാനിക്കാമെന്നും കോടതി പറഞ്ഞു.
Content Highlights: Sister Abhaya Case: Achamma's case was argued by Adv. Harish Salve