മുംബൈ: ഷീനാ ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. മുംബൈയിലെ സി.ബി.ഐ. പ്രത്യേക കോടതിയാണ് ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ഏറെ സമ്പത്തും സ്വാധീനവുമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഇത് തുടർച്ചയായ നാലാം തവണയാണ് ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസവും ഇന്ദ്രാണി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇന്ദ്രാണി മുഖർജി നിലവിൽ മുംബൈ ബൈക്കുള ജയിലിലാണ്.
2012-ലാണ് മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് ഇന്ദ്രാണി മുഖർജി കൊലപ്പെടുത്തിയത്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. എന്നാൽ മൂന്ന് വർഷം സൂക്ഷിച്ച കൊലപാതകരഹസ്യം 2015-ൽ മറനീക്കി പുറത്തുവന്നു. ഡ്രൈവർ ശ്യാംവർ റായ് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് ഏവരും ഞെട്ടിയ കൊലക്കേസിന്റെ വിവരം രാജ്യമറിഞ്ഞത്. കേസിൽ മുൻ സ്റ്റാർ ഇന്ത്യ മേധാവിയും ഇന്ദ്രാണിയുടെ ഭർത്താവുമായിരുന്ന പീറ്റർ മുഖർജിയും അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീറ്റർ മുഖർജിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Content Highlights:sheena bora murder case indrani mukerjeabail plea again rejected by cbi court