പട്ന: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസിൽ മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാൾ 50000 രൂപ പിഴയും അടയ്ക്കണം.

പട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് 2018-ൽ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷാവിധി പ്രസ്താവിച്ചത്. സ്കൂൾ പ്രിൻസിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.

2018 സെപ്റ്റംബറിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർച്ചയായ ആരോഗ്യപ്രശ്നങ്ങൾ കാരണം മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രിൻസിപ്പലും അധ്യാപകനും ചേർന്ന് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.

Content Highlights:school principal sentenced to death in rape case in patna bihar