തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരേ മൊഴി നല്‍കാനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. സന്ദീപ് നായരെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

സ്വര്‍ണക്കടത്തുമായി ബന്ധമില്ലാത്ത വ്യക്തികളെ മനപൂര്‍വ്വം ഇതിലേക്ക് വലിച്ചിഴക്കുന്നതിനായി ഇ.ഡി. സമ്മര്‍ദം ചെലുത്തി. ഇതിനായി വ്യാജ തെളിവുകളടക്കം നിര്‍മിച്ചെന്നും ഇതില്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നായരുടെ മൊഴിയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടില്‍ ഇല്ല. പരാമര്‍ശങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം സന്ദീപ് നായരെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. 

Content Highlights: sandeep nair given statement against ed crime branch report filed in court