കൊല്ലം: ആർ.എസ്.എസ്. പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ എം.നൗഷാദ് എം.എൽ.എ.യെ പ്രതിചേർത്ത നടപടി ഹൈക്കോടതി റദ്ദാക്കി.
1997-ൽ അയത്തിൽ സ്വദേശിയായ ആർ.എസ്.എസ്.പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലാണ് നൗഷാദിനെ പ്രതിചേർത്ത് കൊല്ലം അഡീഷണൽ സെഷൻസ് കോടതി 2015-ൽ ഉത്തരവായത്. കേസിൽ സെഷൻസ് കോടതി നാലുപ്രതികളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഒളിവിലായിരുന്ന മൂന്ന് പ്രതികളെ ഒഴിവാക്കിയാണ് ആദ്യഘട്ടത്തിൽ വിചാരണ നടന്നത്. ഒളിവിലായിരുന്ന പ്രതികൾ വിചാരണ നേരിട്ട രണ്ടാംഘട്ടത്തിലാണ് സാക്ഷി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ നൗഷാദിനെ പ്രതിയാക്കണമെന്ന വാദം പ്രോസിക്യൂഷൻ ഉയർത്തിയത്. തുടർന്ന് നൗഷാദിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി സെഷൻസ് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരേയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
പൊതുപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ഇല്ലായ്മചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഹൈക്കോടതി ഉത്തരവിലൂടെ തകർക്കപ്പെട്ടതെന്ന് എം.നൗഷാദ് പ്രതികരിച്ചു. ഈ കേസ് ഉയർത്തിക്കാട്ടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പി.യും തനിക്കെതിരേ പ്രചാരണം നടത്തിയത്. വ്യാജപ്രചാരണങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്നവർക്കുള്ള മറുപടിയാണ് ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:rss worker murder case m noushad mla name removed from accused list by highcourt