കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പു കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത രവി പൂജാരിയുടെ റിമാൻഡ് നീട്ടി. ജൂൺ എട്ടുവരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സി. ദീപുവാണ് റിമാൻഡ് നീട്ടിയത്.

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് രവി പൂജാരി ഇപ്പോഴുള്ളത്. ചൊവ്വാഴ്ച എറണാകുളം കോടതിയിൽ ഓൺലൈനായിട്ടായിരുന്നു നടപടികൾ. രവി പൂജാരിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി ഈ മാസം 31-ന് പരിഗണിക്കും.

കൊച്ചിയിൽ എത്തിക്കാൻ ശ്രമം

രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ ക്രൈംബ്രാഞ്ച് വീണ്ടും ശ്രമം തുടങ്ങി. പ്രൊഡക്ഷൻ വാറന്റ് വാങ്ങി കൊച്ചിയിലെത്തിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. മാർച്ച് എട്ടോടെ രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആദ്യ ശ്രമം.

എന്നാൽ, മുംബൈ പോലീസ് ഇയാളെ നേരത്തെ കസ്റ്റഡിയിൽ വാങ്ങിയതോടെ ഇത് നടന്നില്ല. കഴിഞ്ഞ ദിവസമാണ് കസ്റ്റഡി കാലാവധി പൂർത്തിയാക്കി മുംബൈ പോലീസ് പൂജാരിയെ തിരികെ ബെംഗളൂരുവിലെ ജയിലിലെത്തിച്ചത്.

2018 ഡിസംബർ 15-നാണ് നടി ലീനയുടെ പനമ്പിള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിൽ ആക്രമണം നടന്നത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ രവി പൂജാരി നൽകിയ ക്വട്ടേഷൻ ആയിരുന്നു ഇത്. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.