പനാജി: മാധ്യമപ്രവർത്തകനും തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിനെതിരായ ബലാത്സംഗക്കേസിൽ മെയ് 19-ന് വിധി പറയും. ഗോവയിലെ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. ബുധനാഴ്ച വിധി പറയുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.

കേസിൽ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കിൽ കുറഞ്ഞത് 10 വർഷം തടവുശിക്ഷയോ പരമാവധി ജീവപര്യന്തമോ ലഭിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഫ്രാൻസിസ്കോ ടവോര മാധ്യമങ്ങളോട് പറഞ്ഞു.

സഹപ്രവർത്തകയെ ഗോവയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽവെച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ 2013 നവംബർ 30-നാണ് തരുൺ തേജ്പാൽ അറസ്റ്റിലായത്. 2017-ൽ പ്രതിക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി. പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കുകയുമായിരുന്നു. പ്രതിയായ തരുൺ തേജ്പാൽ നിലവിൽ ജാമ്യത്തിലാണ്.

Content Highlights:rape case against tarun tejpal court verdict on may 19