കോഴിക്കോട്:  മുസ്ലീംലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

ഷാജിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത 50 പവന്‍ സ്വര്‍ണവും വിദേശ കറന്‍സിയും വിജിലന്‍സ് സംഘം തിരികെനല്‍കി. ഇതില്‍ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ഇവ തിരികെനല്‍കിയത്. വിദേശകറന്‍സി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു. 

അതേസമയം, കെ.എം.ഷാജിയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. 

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തിങ്കളാഴ്ചയാണ് കെ.എം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച രാത്രിയോടെയും അഴീക്കോട്ടെ പരിശോധന ചൊവ്വാഴ്ച ഉച്ചയ്ക്കുമാണ് പൂര്‍ത്തിയായത്.

Content Highlights: raid in km shaji home vigilance submitted report in court