പറവൂര്‍: രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി 61 വയസ്സുള്ള വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. അസം സ്വദേശി പരിമള്‍ സാഹു എന്ന മുന്ന (26) യ്ക്കാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മുരളീ ഗോപാല്‍ പണ്ടാല വനിതാ ദിനത്തില്‍ വധശിക്ഷ വിധിച്ചത്. 2018 മാര്‍ച്ച് 18-ന് രാത്രിയായിരുന്നു സംഭവം.

പുത്തന്‍വേലിക്കരയിലെ കോഴിക്കടയില്‍ ഡ്രൈവറായിരുന്ന പ്രതി വീട്ടമ്മയുടെ വീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് വീട്ടമ്മ താമസിച്ചിരുന്നത്. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത ശേഷം കഴുത്തില്‍ കുടുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. തലയിലും കഴുത്തിലും ആഴത്തില്‍ മുറിവുമുണ്ടായിരുന്നു. ബലാത്സംഗത്തിനാണ് വധശിക്ഷ. കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തെളിവു നശിപ്പിച്ചതിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും അതിക്രമിച്ചു കടന്നതിന് 10,000 രൂപയും പിഴ വിധിച്ചിട്ടുണ്ട്.

കൂടാതെ വീട്ടമ്മയുടെ മകന് 2.20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്.

Content Highlights: puthanvelikkara murder case accused gets death sentence