ചണ്ഡീഗഢ്:  ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയുണ്ടെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. അംബാല സ്വദേശി ബല്‍ജീത് കൗര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജനുവരി 25-ന് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. കൊലക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ തനിക്ക് ലഭിച്ചിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കിയെന്ന് കാണിച്ചാണ് ബല്‍ജീത് കൗര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

'പൊന്മുട്ടയിടുന്ന താറാവിനെ ആരും കശാപ്പ് ചെയ്യാറില്ല. ഭാര്യ ഇനി ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും അവര്‍ക്ക് കുടുംബ പെന്‍ഷന്‍ നിഷേധിക്കാനാവില്ല. സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ഒരു ക്ഷേമ പദ്ധതിയാണ് കുടുംബ പെന്‍ഷന്‍. ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാലും ഭാര്യയ്ക്ക് ആ പെന്‍ഷന്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ട്'- ഹൈക്കോടതി പറഞ്ഞു. കേസില്‍ വിശദമായ വാദം കേട്ട കോടതി, ഹര്‍ജിക്കാരിക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നും ഉത്തരവിട്ടു. 

ബല്‍ജീതിന്റെ ഭര്‍ത്താവ് തര്‍സേം സിങ് ഹരിയാണയിലെ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. 2008-ല്‍ ഇദ്ദേഹം മരിച്ചു. ഒരു വര്‍ഷത്തിന് ശേഷം ബല്‍ജീത് കൗറിനെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തു. 2011-ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇതിനുപിന്നാലെയാണ് ഭര്‍ത്താവിന്റെ പേരില്‍ ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ ഹരിയാണ സര്‍ക്കാര്‍ റദ്ദാക്കിയത്. ഇത് ചോദ്യംചെയ്താണ് ബല്‍ജീത് കൗര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

Content Highlights: punjab haryana highcourt statement about family pension for wife