കണ്ണൂര്‍: മോഷണക്കേസില്‍ റിമാന്‍ഡിലിരിക്കെ അമ്മയെ വിളിക്കാനുള്ള മോഹവുമായി ജയില്‍ചാടി വീണ്ടും പിടിയിലായ തടവുകാരന് മോചനമാകുന്നു. ജയില്‍ചാടിയ കുറ്റത്തിനുള്ള റിമാന്‍ഡില്‍കഴിയുന്ന യു.പി. സ്വദേശി അജയ് ബാബു(20)വിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് വെള്ളിയാഴ്ച ഉത്തരവായി. മംഗള എക്സ്പ്രസില്‍ ശനിയാഴ്ചതന്നെ നാട്ടിലേക്കയക്കാന്‍ ജയില്‍ സൂപ്രണ്ട് ടി.കെ. ജനാര്‍ദനന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു.

മോഷണക്കേസില്‍ കാസര്‍കോട് കോടതി അനുവദിച്ച ജാമ്യം, ജാമ്യത്തുകയായ 25,000 രൂപ കെട്ടിവെച്ചതോടെ വ്യാഴാഴ്ച വൈകീട്ട് പ്രാബല്യത്തിലായി. അജയ് ബാബുവിന്റെ കുടുംബമാണ് അഭിഭാഷകന്റെ ഓഫീസിലേക്ക് തുക അയച്ചുകൊടുത്തത്. ഈ വിവരം ജയിലധികൃതര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിച്ചു. തുടര്‍ന്ന്, ജയില്‍ചാട്ടക്കേസില്‍ അതോറിറ്റി ജാമ്യത്തിനുള്ള നടപടികള്‍ നീക്കി. പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് അജയ് ബാബു ആദ്യം ജയില്‍ അധികൃതരോട് പറഞ്ഞത്. പിന്നീട് ഇയാളുടെ ആധാര്‍ കാര്‍ഡ് ലഭിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന വിവരമറിയുന്നത്.

Content Highlights: prisoner gets bail, will go to uttar pradesh on saturday