തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്. 

മര്‍ദനത്തിനിരയായ എസ്.എ.പി. ബറ്റാലിയനിലെ ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ രേഷ്മ തല്‍ഹത്തിന്റെ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ ക്രൈംബ്രാഞ്ചില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയെന്നും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നാണ് ഇതില്‍ പറയുന്നതെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2018-ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറായ ഗവാസ്‌കറിനെ മര്‍ദിച്ചെന്നായിരുന്നു പരാതി. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ഗവാസ്‌കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു എഡിജിപിയുടെ വിശദീകരണം. 

Content Highlights: police driver attacked by adgp's daughter; state human rights commission wants fast inquiry