കൊല്ലം: ഉത്ര വധക്കേസില്‍ പ്രാഥമികാന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട അഞ്ചല്‍ സി.ഐ.ക്കെതിരേ നടപടി. സി.ഐ. സുധീറിനെ അഞ്ചലില്‍നിന്ന് സ്ഥലംമാറ്റി. എന്നാല്‍ പകരം മറ്റെവിടെയും ചുമതല നല്‍കിയിട്ടില്ല. ഉടന്‍തന്നെ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. 

ഉത്ര വധക്കേസില്‍ തെളിവ് ശേഖരണത്തില്‍ സി.ഐ.യ്ക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ റൂറല്‍ എസ്.പി. ഡി.ജി.പിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സി.ഐക്കെതിരേ ഉത്രയുടെ കുടുംബം ആരോപണമുന്നയിച്ചതോടെയാണ് റൂറല്‍ എസ്.പി. അന്വേഷണം നടത്തിയത്. 

ഇതിനിടെ, മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയും സി.ഐ.ക്കെതിരെ ഉയര്‍ന്നിരുന്നു. ഇടമുളയ്ക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി തൂങ്ങിമരിച്ച സുനിലിന്റെ മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിച്ചാണ് സി.ഐ. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പ് രേഖപ്പെടുത്തിയതെന്നായിരുന്നു പരാതി.

Content Highlights: police dept taken action against anchal circle inspector