തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ അതിക്രമിച്ചുകടന്ന് പീഡിപ്പിച്ച യുവാവിന് മരണംവരെ ജീവപര്യന്തം കഠിനതടവും 75,000 രൂപ പിഴയും. നെയ്യാറ്റിന്‍കര മര്യാപുരം സ്വദേശി ഷിജു(26)വിനെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. 2019 ജനുവരി 28-നായിരുന്നു സംഭവം. മോഡല്‍ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വീട്ടില്‍ ആശാരിപ്പണിക്കെത്തിയ പ്രതി കുടിവെള്ളം ചോദിച്ചെത്തി പീഡിപ്പിക്കുകയായിരുന്നു. സമീപത്ത് ആള്‍ത്താമസം ഇല്ലാതിരുന്നതിനാല്‍ നിലവിളി പുറത്തുകേട്ടില്ല.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പിറ്റേന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഗര്‍ഭിണി ആയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ഡി.എന്‍.എ. പരിശോധനയിലൂടെ ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ നഷ്ടപരിഹാര നിധിയില്‍നിന്ന് പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിലുണ്ട്. ദാഹജലം നല്‍കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ആര്‍.എസ്. വിജയ് മോഹന്‍, കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് എന്നിവര്‍ ഹാജരായി.