കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ജാമ്യവ്യവസ്ഥ. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. പെണ്‍കുട്ടിയുടെ ചില ചിത്രങ്ങള്‍ യുവാവ് വ്യാജ അക്കൗണ്ടുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു വ്യവസ്ഥയെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ ഒന്നും ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എറണാകുളം ജില്ലക്കാരനായ മുഹമ്മദ് ഷിഫാസിന് അനുവദിച്ച ജാമ്യത്തിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. 

പിറന്നാള്‍സമ്മാനം നല്‍കാനെന്ന പേരില്‍ 2018 ഡിസംബറില്‍ പെണ്‍കുട്ടിയെ യുവാവ് റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. അതിന്റെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിക്കുകയായിരുന്നു. 

Content Highlights: pocso case accused gets bail court prohibited using of social media