മുംബൈ: 'പീറ്റര്‍ പാന്‍ സിന്‍ഡ്രോം' ആണെന്ന വാദത്തെ തുടര്‍ന്ന് പോക്‌സോ കേസ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. മുംബൈയില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഇരുപത്തിമൂന്നുകാരന് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്ക് പീറ്റര്‍ പാന്‍ സിന്‍ഡ്രോം ആണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. 

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം അറിയാമായിരുന്നുവെന്നും എന്നാല്‍, യുവാവിന്റെ അസുഖവും ദരിദ്ര പശ്ചാത്തലവും കാരണം അവര്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ സുനില്‍ പാണ്ഡെ കോടതിയെ അറിയിച്ചു. ഇരയാണെന്ന് പറയുന്ന പെണ്‍കുട്ടിക്ക് താന്‍ ചെയ്തതിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇര പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും പ്രതിയുടെ അസുഖത്തെക്കുറിച്ചുള്ള രേഖകളൊന്നുമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 

പെണ്‍കുട്ടിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും അതിനു ശേഷമാണ് പെണ്‍കുട്ടി സ്വമേധയാ പ്രതിക്കൊപ്പം പോയതെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും കോടതി വിലയിരുത്തി. 

കുട്ടികള്‍ ഒരിക്കലും വളരാത്ത നെവര്‍-നെവര്‍ ലാന്‍ഡ് എന്ന പുരാണസ്ഥലത്തെ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ് പീറ്റര്‍ പാന്‍. സ്‌കോട്ടിഷ് നോവലിസ്റ്റായ ജെ.എം. ബാരിയാണ് പറക്കാന്‍ കഴിവുണ്ടായിട്ടും, ഒരിക്കലും വളരാന്‍ കഴിയാത്ത, കുസൃതി കാണിച്ച് നടക്കുന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ശാരീരികമായി വളര്‍ച്ച കൈവരിച്ചിട്ടും വൈകാരികമായി പക്വത കാണിക്കാത്തവര്‍ത്തും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വെല്ലുവിളി നേരിടുന്നവര്‍ക്കും പീറ്റര്‍ പാന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണെന്ന് പറഞ്ഞു തുടങ്ങി.

പക്വതയില്ലാത്ത പെരുമാറ്റവും മുതിര്‍ന്നവരുടെ ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കാനുള്ള വെല്ലുവിളിയും മറ്റുള്ളവരുമായി മുതിര്‍ന്നവരെ പോലെ ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തതും ഇത്തരക്കാരില്‍ കാണാം. ഡോ. ഡാന്‍ കിലേ ആണ് ഇത്തരത്തിലുള്ള സ്വഭാവത്തിന് പീറ്റര്‍ പാന്‍ സിന്‍ഡ്രോം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. 1983-ല്‍ അദ്ദേഹം പുറത്തിറക്കിയ പീറ്റര്‍ പാന്‍ സിന്‍ഡ്രോം: മെന്‍ ഹൂ ഹാവ് നെവര്‍ ഗ്രോണ്‍ അപ്പ്' എന്ന പുസ്‌കത്തിലാണ് ഇത് വിശദീകരിക്കുന്നത്. അതേസമയം, ലോകാരോഗ്യ സംഘടന ഇതുവരെ പീറ്റര്‍ പാന്‍ സിന്‍ഡ്രോം ഒരു മാനസികരോഗമാണെന്ന് അംഗീകരിച്ചിട്ടില്ല. 

Content Highlights: pocso case accused gets bail after claiming he has peter pan syndrome