കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ഭാഗികമായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതിയുടെ അറസ്റ്റിനുശേഷം 90 ദിവസം തികയുന്ന ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പാലത്തായിലെ ഒന്‍പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന്് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു.

ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. ഫോണ്‍ രേഖകള്‍, മൊഴികളുടെ വിശദാംശങ്ങള്‍, എന്നിവ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗികമായ കുറ്റപത്രം മാത്രമാണ് ഇത്. 

ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് കുറ്റപത്രത്തില്‍ മുഖ്യമായുള്ളത്. പോക്‌സോ ആക്ട് അനുസരിച്ചുള്ള കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും അനുബന്ധത്തില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാറിന്റേ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങോട് കുനിയില്‍ പത്മരാജന്‍ ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

Content Highlights:panooor palathayi rape case crime branch submitted charge sheet in court