കൊച്ചി: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെവിട്ടു. ഒന്നാംപ്രതി നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബിജിനയില്‍ ബി.കെ. ബിജു, രണ്ടാംപ്രതി ഗുഡ്സ് ഓട്ടോറിക്ഷാഡ്രൈവര്‍ ചുള്ളിയോട് കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ ഹൈക്കോടതി വെറുതെവിട്ടത്. ഇരുവരെയും നേരത്തെ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 

2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോണ്‍ഗ്രസ് ഓഫീസില്‍വെച്ച് കൊല്ലപ്പെട്ടത്. ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കുളത്തില്‍ കെട്ടിത്താഴ്ത്തുകയും ചെയ്തു.

കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2015-ല്‍ ഇരുവരെയും മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. 

Content Highlights: nilambur radha murder case accused acquitted