കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്കുവേണ്ടി എന്‍.ഐ.എയുടെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹാജരാകുന്നതിനെതിരെ കസ്റ്റംസ് രംഗത്തുവന്നു. പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍നിന്ന് എന്‍.ഐ.എയുടെ അഭിഭാഷകനെ തടയണമെന്നാവശ്യപ്പെട്ട് കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ എന്‍.ഐ.എ. ഡയറക്ടര്‍ ജനറലിന് കത്തുനല്‍കി.

വിവാദമായ നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ കരുതല്‍ തടങ്കല്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ ജാബിന്‍ കെ. ബഷീര്‍, ഷിനോയ് കെ. തോമസ് എന്നിവര്‍ക്കുവേണ്ടി ഹാജരാകുന്നത് ദേശീയാന്വേഷണ ഏജന്‍സിയുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയ എം. അജയ് ആണ്. 

നികുതിയടക്കാതെ വന്‍തോതില്‍ സ്വര്‍ണം കടത്തുകവഴി രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്കുവേണ്ടി എന്‍.ഐ.ഐ. അഭിഭാഷകന്‍ ഹാജരാകുന്നതിലെ അതൃപ്തിയും ധാര്‍മികതയും ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് കമ്മിഷണര്‍ ഡോ .കെ.എന്‍. രാഘവന്‍ എന്‍.ഐ. എ. ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. 

സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്കുവേണ്ടി എന്‍.ഐ.എ. അഭിഭാഷകന്‍ ഹാജരാകുന്നത് രാജ്യതാല്‍പര്യത്തിനെതിരായ നിലപാടാകുമെന്ന് കസ്റ്റംസ് കമ്മിഷണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം 16-നാണ് ഇതു സംബന്ധിച്ച് കസ്റ്റംസ് കമ്മിഷണര്‍ കത്തയച്ചത്. 

ഇതേ കേസിലെ പ്രതികള്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത  സംഭവവും ഉണ്ടായിരുന്നു.