അഹമ്മദാബാദ്: അഫ്ഗാനിസ്താനില്‍നിന്നുള്ള 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖം അധികൃതര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. ഒരു പ്രതിയുടെ റിമാന്‍ഡ് അപേക്ഷ പരിഗണിക്കുമ്പോഴാണ് നാര്‍ക്കോട്ടിക് പ്രത്യേകകോടതി നിര്‍ദേശംനല്‍കിയത്.

ഇത്രയും ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് ഇറക്കുമതി നടന്നതിനെപ്പറ്റി മുന്ദ്ര തുറമുഖം അധികാരികള്‍ അജ്ഞരായിരുന്നോയെന്നും ആര്‍ക്കെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് കച്ച് അഡീഷണല്‍ ജില്ലാജഡ്ജി സി.എം.പവാര്‍ ഉത്തരവിട്ടു. അറസ്റ്റിലായ കോയമ്പത്തൂര്‍ സ്വദേശി പി.രാജ്കുമാറിന്റെ റിമാന്‍ഡ് അപേക്ഷ പരിഗണിക്കുമ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സിന് കോടതി ഈ നിര്‍ദേശം നല്‍കിയത്. ഇറാനില്‍നിന്ന് വിജയവാഡയിലുള്ള ആഷി ട്രേഡേഴ്സിന് ടാല്‍ക്കം കല്ലുകള്‍ ഇറക്കുമതിചെയ്തതിന്റെ ഇടനിലക്കാരനായിരുന്നു രാജ്കുമാര്‍. ഇവയ്‌ക്കൊപ്പം മയക്കുമരുന്നും കടത്തുകയായിരുന്നു. ട്രേഡേഴ്സിന്റെ ഉടമകളായ ദമ്പതിമാരടക്കം ഒമ്പതുപേരാണ് ഇതുവരെ ഡി.ആര്‍.ഐ.യുടെ പിടിയിലായത്.

വിദേശങ്ങളില്‍നിന്ന് കണ്ടെയിനറുകള്‍ വരുമ്പോള്‍ തുറമുഖത്ത് അവ സ്‌കാന്‍ചെയ്യുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും നടപടികള്‍ എന്താണെന്ന് അന്വേഷിക്കണം. വിജയവാഡയ്ക്കടുത്ത് വേറെ തുറമുഖങ്ങള്‍ ഉണ്ടായിരിക്കെ മുന്ദ്ര തിരഞ്ഞെടുത്തത് സംശയാസ്പദമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പാകിസ്താനില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള മയക്കുമരുന്ന് കടത്ത് ഗുജറാത്ത് തീരത്ത് ഏറിയിട്ടുണ്ട്. അന്വേഷണത്തില്‍ എല്ലാവശങ്ങളും വരണം -കോടതി നിര്‍ദേശിച്ചു.

മറ്റു ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന പ്രോസിക്യൂട്ടറുടെ പരാമര്‍ശം കോടതി തള്ളി. കേസിന്റെ എല്ലാവശങ്ങളും അന്വേഷിക്കേണ്ടത് ഡി.ആര്‍.ഐ.യുടെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി.

തുറമുഖം നടത്തുന്നതിന്റെ ജോലിമാത്രമേ തങ്ങള്‍ക്കുള്ളൂവെന്ന് മുന്ദ്ര അദാനി തുറമുഖം അധികാരികള്‍ നേരത്തേ പ്രസ്താവനയിറക്കിയിരുന്നു. ഗതാഗതസൗകര്യമൊരുക്കുകമാത്രമാണ് ചുമതലയെന്നും ചരക്കുകള്‍ പരിശോധിക്കാനുള്ള പോലീസ് ചുമതലയില്ലെന്നും കമ്പനി വ്യക്തമാക്കി. ഇതിനുശേഷം സെപ്റ്റംബര്‍ 26-നാണ് കോടതിയുടെ വിധി വരുന്നത്.