മുംബൈ:  ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായിട്ട് ഇന്നേക്ക് പത്ത് ദിവസമാവുകയാണ്. ആര്യന്‍ ഖാനെ കൂടാതെ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റും മോഡലായ മുണ്‍മുണ്‍ ധമേച്ചയും എന്‍.സി.ബി.യുടെ പിടിയിലായിരുന്നു. ദിവസങ്ങള്‍ നീണ്ട എന്‍.സി.ബി. കസ്റ്റഡിക്കുശേഷം ആര്യനടക്കമുള്ള പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ വെള്ളിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ആര്യനടക്കമുള്ള പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇതോടെ പ്രതിഭാഗം അഭിഭാഷകര്‍ ജാമ്യംതേടി മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം ആര്യന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, വാദം ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. ഈ ദിവസം ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍.സി.ബി.ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പത്ത് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ തങ്ങളുടെ കക്ഷിക്ക് ജാമ്യം നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ച അക്കാര്യങ്ങള്‍ ഇങ്ങനെ:- 

ആര്യന്‍ ഖാന്‍ നിരപരാധിയാണെന്നും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. എന്‍.സി.ബി.യുടെ കേസില്‍ ആര്യനെ കുടുക്കിയതാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. ആര്യന്‍ ഖാനില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ആര്യനെതിരേ കുറ്റം ചുമത്താനുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മതിയായ തെളിവുകളില്ലാതെയാണ് എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം പ്രതിക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നതെന്നും ജാമ്യഹര്‍ജിയിലുണ്ട്. 

ലഹരിമരുന്ന് ഉപയോഗിച്ചതിനോ കൈവശം വെച്ചതിനോ വില്‍ക്കാന്‍ ശ്രമിച്ചതിനോ മറ്റോ ആര്യനെതിരേ തെളിവുകളില്ല. അതിനാല്‍ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. 

ലഹരിമരുന്ന് വിതരണക്കാരുമായി ആര്യന്‍ ഖാന്‍ വാട്‌സ്പ്പില്‍ ചാറ്റ് ചെയ്തതിന് തെളിവുകളുണ്ടെന്നായിരുന്നു എന്‍.സി.ബി.യുടെ വാദം. എന്നാല്‍ ഈ ചാറ്റുകള്‍ക്കൊന്നും കേസുമായി ഒരു ബന്ധവുമില്ലെന്ന് ജാമ്യഹര്‍ജിയില്‍ അവകാശപ്പെടുന്നു. പ്രതി ലഹരിമരുന്ന് ഉപയോഗിക്കുന്നതായി സമ്മതിച്ചിട്ടുണ്ടെന്നാണ് എന്‍.സി.ബി. പറയുന്നത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന് പരമാവധി നല്‍കാവുന്ന ശിക്ഷ ഒരുവര്‍ഷം വരെയുള്ള തടവോ പിഴയോ ആണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനുള്ള തെളിവുകള്‍ പ്രതിക്കെതിരേ നിലവില്ലെന്നും ഹര്‍ജിയിലുണ്ട്. 

അന്വേഷണസംഘം ലഹരിമരുന്ന് പിടിച്ചെടുത്തത് മറ്റുപ്രതികളില്‍നിന്നാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ആര്യനെ പിടികൂടാനാവില്ല. ഈ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ലഹരിമരുന്നുകളെല്ലാം ആര്യനെതിരായ തെളിവാക്കാനും കഴിയില്ല. 

യാതൊരുവിധ ക്രിമിനല്‍ ചരിത്രവുമില്ലാത്ത ചെറുപ്പക്കാരനാണ് പ്രതി. ലഹരിമരുന്ന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ ഒരുകാര്യത്തിലും പങ്കാളിയായിട്ടുമില്ല. മുംബൈയില്‍ കുടുംബത്തിനൊപ്പം സ്ഥിരതാമസക്കാരനാണ് പ്രതി. അതിനാല്‍ നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടാനോ ഒളിച്ചോടാനോ ശ്രമിക്കില്ല. ഒരു പ്രമുഖ ബോളിവുഡ് താരത്തിന്റെ മകനാണ് ആര്യന്‍.  സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് സിനിമാറ്റിക് ആര്‍ട്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. ഇതിനെല്ലാം ഉപരി ആര്യന്‍ ഖാന്‍ ഉത്തരവാദിത്വമുള്ള ഒരു ഇന്ത്യന്‍ പൗരനാണെന്നും കുറ്റംപറയാനില്ലാത്ത സല്‍പ്പേരുള്ളയാളാണെന്നും ജാമ്യഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. 

Content Highlights: mumbai cruise drugs case aryan khan bail plea submitted in court