മുംബൈ: മുംബൈയിലെ യുവദമ്പതിമാര്‍ പ്രതികളായ മയക്കുമരുന്ന് കേസ് പുനഃപരിശോധിക്കാമെന്ന് ഖത്തര്‍ സുപ്രീംകോടതി. ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഖത്തര്‍ സുപ്രീംകോടതി ദമ്പതിമാര്‍ക്കും കുടുംബത്തിനും ഏറെ ആശ്വാസകരമായ തീരുമാനമെടുത്തത്. ഇതോടെ ഖത്തറിലെ ജയിലില്‍ കഴിയുന്ന ദമ്പതിമാരുടെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
2019 ജൂലായിലാണ് മുംബൈ സ്വദേശി മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ മയക്കുമരുന്ന് കേസില്‍ ഖത്തറില്‍ പിടിയിലായത്. ഹണിമൂണിനായി ഖത്തറിലെത്തിയ ദമ്പതിമാരുടെ ബാഗില്‍നിന്നും നാല് ഗ്രാം ഹാഷിഷ് പിടികൂടിയിരുന്നു. ഇതോടെയാണ് ഖത്തറിലേക്ക് ഹണിമൂണിന് പോകാന്‍ നിര്‍ബന്ധിച്ച ബന്ധുവിന്റെ ചതി ദമ്പതിമാര്‍ക്ക് മനസിലായത്.
ബന്ധുവിന്റെ നിര്‍ബന്ധപ്രകാരമാണ് ഷഫീഖും ഗര്‍ഭിണിയായിരുന്ന ഒനീബയും ഖത്തറിലേക്ക് യാത്രതിരിച്ചത്. ഖത്തറിലുള്ള സുഹൃത്തിന് നല്‍കാന്‍ ഒരു പാക്കറ്റും ബന്ധു ഇവരെ ഏല്‍പ്പിച്ചിരുന്നു. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ഈ പാക്കറ്റില്‍ ഹാഷിഷ് ആണെന്ന് കണ്ടെത്തുകയും ദമ്പതിമാരെ പിടികൂടുകയുമായിരുന്നു. മയക്കുമരുന്ന് കേസില്‍ ഇരുവരെയും 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
ചതിയില്‍പ്പെട്ട് ഖത്തറിലെ ജയിലിലായതോടെ ഒനീബയുടെ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ദമ്പതിമാരുടെ മോചനത്തിനായി പരിശ്രമിക്കുകയായിരുന്നു. ഇതിനിടെ, ഗര്‍ഭിണിയായിരുന്ന ഒനീബ ഖത്തറില്‍വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവരുടെ ഇടപെടലും നിയമപോരാട്ടത്തിന് സഹായകമായി. കേസ് പുനഃപരിശോധിക്കാമെന്ന തീരുമാനം വന്നതോടെ കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ദമ്പതിമാര്‍ക്ക് എത്രയും പെട്ടെന്ന് മോചനത്തിനുള്ള വഴിത്തുറക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Content Highlights: mumbai couple trapped in drug trafficking case in qatar qatar supreme court will review the case