മഥുര: ഏറെ കോളിളക്കം സൃഷ്ടിച്ച രാജസ്ഥാനിലെ രാജാ മാൻസിങ് ഏറ്റുമുട്ടൽ കൊലക്കേസിൽ 35 വർഷത്തിന് ശേഷം വിധി പ്രസ്താവം. കേസിൽ പ്രതികളായ 11 പോലീസുകാരും കുറ്റക്കാരാണെന്ന് മഥുരയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.

1985 ഫെബ്രുവരി 21-നാണ് ഭരത്‌പുർ രാജകുടുംബാംഗവും ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര എം.എൽ.എ.യുമായിരുന്ന രാജാ മാൻസിങ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. രാജസ്ഥാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ആ വെടിവെപ്പ്. പ്രതിഷേധം കത്തിപ്പടരുകയും വിവാദം കൊടുമ്പികൊള്ളുകയും ചെയ്തതോടെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ശിവ്ചരൺ മാഥൂറിന് രാജിവെക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ രാജിയോടെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് താൽക്കാലിക ശമനമായെങ്കിലും നിയമയുദ്ധം തുടർന്നു. കേസ് സിബിഐ ഏറ്റെടുത്തു. രാജാ മാൻസിങ്ങിന്റെ മകൾ കൃഷ്ണേന്ദ കൗർ ദീപയുടെ ഹർജി പരിഗണിച്ച് സുപ്രീം കോടതി കേസിന്റെ വാദം രാജസ്ഥാനിൽനിന്ന് മഥുരയിലേക്ക് മാറ്റി. ഒടുവിൽ 1700-ലേറെ തവണ വാദം കേട്ട്, 35 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.

1985-ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയിലാണ് രാജാമാൻസിങ്ങും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ദീഗ് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനിറങ്ങിയ രാജാ മാൻസിങ്ങിനെതിരേ ആ തവണ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിങ്ങിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി നിർത്തിയത്. ഫെബ്രുവരി 20-ന് മുഖ്യമന്ത്രി ശിവ്ചരൺ മാഥൂർ കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചരണത്തിനായി മണ്ഡലത്തിലെത്തി.

എന്നാൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ കൊടികളും തോരണങ്ങളും നശിപ്പിച്ച വിവരമറിഞ്ഞ രാജാ മാൻസിങ് കുപിതനായി. പകരം ചോദിക്കാനായി മുഖ്യമന്ത്രി പങ്കെടുക്കുന്ന കോൺഗ്രസിന്റെ യോഗസ്ഥലത്തേക്ക് ജീപ്പിൽ പുറപ്പെട്ടു. അരിശം മൂത്ത രാജാ മാൻസിങ് നേരേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. സംഘർഷം ഉടലെടുത്തതോടെ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ നശിപ്പിച്ചതിൽ പോലീസ് കേസെടുത്തു. ഇക്കാര്യമറിഞ്ഞ രാജാ മാൻസിങ് പിറ്റേദിവസം രണ്ട് കൂട്ടാളികളോടൊപ്പം പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയി. ഇതിനിടെയാണ് ഡി.വൈ.എസ്.പി. കാൻസിങ് ഭാട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവർക്കെതിരേ വെടിയുതിർത്തത്. വെടിവെപ്പിൽ രാജാ മാൻസിങ്ങും കൂട്ടാളികളായ രണ്ട് പേരും കൊല്ലപ്പെട്ടു.

ഏറ്റുമുട്ടൽ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി ശിവ്ചരൺ മാഥൂർ രാജിവെച്ചു. ഫെബ്രുവരി 28-ന് കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു.

ആകെ 18 പോലീസുകാരാണ് കേസിൽ പ്രതികളായുണ്ടായിരുന്നത്. ഇതിൽ നാല് പേർ വിചാരണ കാലയളവിൽ മരിച്ചു. മൂന്ന് പേരെ കോടതി വെറുതെവിടുകയും ചെയ്തു. എന്നാൽ മുൻ ഡി.വൈ.എസ്.പി. കാൻസിങ് ബാട്ടി അടക്കം മറ്റ് 11 പ്രതികളും കുറ്റക്കാരാണെന്നാണ് 35 വർഷത്തിന് ശേഷം കോടതി കണ്ടെത്തിയിരിക്കുന്നത്.

Content Highlights:mathura court verdict on raja man singh encounter murder case