കുറവിലങ്ങാട്: ഇറ്റലിയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ മകളെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛന്‍ ജോലിക്കെത്തിയതോടെ പോലീസ് എത്തി ഷാപ്പ് അടപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാതിരുന്നതിന് കേസെടുക്കുകയും ചെയ്തു.

കാണക്കാരി കടപ്പൂര്‍ വട്ടുകുളത്തെ കള്ളുഷാപ്പാണ് ശനിയാഴ്ച അടപ്പിച്ചത്. കടപ്പൂര്‍ സ്വദേശിയായ ഷാപ്പ് ജീവനക്കാരന്‍ വ്യാഴാഴ്ച രാവിലെ 8.30-ന് നെടുമ്പാശേരിയിലെത്തിയ മകളെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോന്നു.

അന്നുവൈകീട്ടുതന്നെ വീടിന് സമീപത്തെ കള്ള് ഷാപ്പില്‍ എത്തി വില്‍പ്പന നടത്തി. നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് ശനിയാഴ്ച കുറവിലങ്ങാട് പോലീസ് കേസെടുത്തത്.

കള്ള് ഷാപ്പില്‍ വില്‍പ്പന നടത്തുന്നതിനിടയില്‍ അഞ്ചിലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതായും കുറവിലങ്ങാട് എസ്.ഐ. ടി.എന്‍.ദീപു അറിയിച്ചു.

മകള്‍ക്കും പിതാവിനും രോഗലക്ഷണം ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും പോലീസും പറയുന്നു.

എന്നാല്‍, ഇറ്റലിയില്‍നിന്നെത്തിയ വിദ്യാര്‍ഥിനി 24 ദിവസവും പിതാവും കുടുംബാംഗങ്ങളും 14 ദിവസവും വീട്ടില്‍തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 14 ദിവസത്തിനുശേഷമേ കള്ള് ഷാപ്പ് തുറക്കാന്‍ അനുവദിക്കൂവെന്നും പോലീസ് പറഞ്ഞു.

Content Highlights: man who is on quarantine gone for his job in toddy shop in kottayam