തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെ കോടതി 20 വര്‍ഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധുവിനെയാണ് പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒമ്പത് മാസംകൂടി തടവില്‍ കഴിയണം.

വഞ്ചനാക്കുറ്റത്തിന് അഞ്ചുവര്‍ഷവും ലൈംഗികപീഡനത്തിന് 15 വര്‍ഷവുമാണ് ശിക്ഷ. തിരുവനന്തപുരം ശ്രീകാര്യത്ത് മാര്‍ക്കറ്റിങ് സ്ഥാപനം നടത്തിയിരുന്ന സരീഷ് ഫോണിലൂടെ പരിചയപ്പെട്ട ആലപ്പുഴ മുഹമ്മ സ്വദേശിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്ത് ജോലിചെയ്യുകയായിരുന്നു യുവതി. രാഹുല്‍ എന്ന വ്യാജപേരില്‍ പരിചയപ്പെട്ട പ്രതി യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി വിളിച്ചുവരുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപമുള്ള ലോഡ്ജുകളില്‍ വച്ച് 2014 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ നിരവധിതവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ കുടുംബത്തിനു താങ്ങാനാകാത്ത സ്ത്രീധനം ചോദിച്ചു. തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ദാരിദ്ര്യം ചൂഷണംചെയ്ത പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. ജഡ്ജി ആര്‍.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.