കൊച്ചി: 'ഇതു സര്‍ക്കസോ സിനിമയോ ഒന്നുമല്ല, കോടതിയാണ്...' ബുധനാഴ്ച കേസുകളില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഇങ്ങനെ ഓര്‍മിപ്പിക്കേണ്ടി വന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള സിറ്റിങ്ങില്‍ ഒരാള്‍ ഷര്‍ട്ടില്ലാതെ അര്‍ധ നഗ്‌നനായി ഓണ്‍ലൈനില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു ഇത്. ഷര്‍ട്ടിട്ട് വരാന്‍ നിര്‍ദേശിച്ച കോടതി അല്ലെങ്കില്‍ ഓണ്‍ലൈനില്‍നിന്ന് ഒഴിവാക്കേണ്ടി വരുമെന്നും പറഞ്ഞു.

കോടതി നടപടികളില്‍ സാക്ഷികളാകുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

ബുധനാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കോടതിയില്‍ സാധാരണയില്‍ അധികം ആളുകള്‍ ഓണ്‍ലൈനില്‍ പങ്കുചേര്‍ന്നിരുന്നു. കക്ഷികളായിരുന്നു ഇതില്‍ ഏറെയും. ഇതില്‍ ആരോ ആണ് മാന്യമായി വസ്ത്രം ധരിക്കാതെ ക്യാമറ ഓണാക്കിയത്.

കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഹൈക്കോടതി ഏറെ നാളായി ഓണ്‍ലൈനിലാണ് സിറ്റിങ് നടത്തുന്നത്. ലോകത്ത് എവിടെ നിന്നും ആര്‍ക്കും കോടതി നടപടികളില്‍ സാക്ഷികളാകാം. പക്ഷേ, ഇങ്ങനെ പങ്കെടുക്കുമ്പോഴും നിശ്ചിത മര്യാദകള്‍ പാലിക്കേണ്ടതുണ്ട്.

ഓണ്‍ലൈനായി പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് കോവിഡ് കാലത്ത് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ഓണ്‍ലൈനില്‍ എത്തുന്നവര്‍ മൈക്ക് ഓണാക്കി വെച്ച് സംസാരിക്കുന്നതൊക്കെ കോടതി നടപടികള്‍ക്ക് തടസ്സമായി മാറാറുണ്ട് ചിലപ്പോള്‍.

കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ കോടതി ഹാളില്‍ നേരിട്ട് വാദം കേള്‍ക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.