ന്യൂഡൽഹി: രാജസ്ഥാനിൽ മലയാളി യുവാവിന്റെ ദുരഭിമാനക്കൊലയിൽ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മലയാളിയായ അമിത് നായരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യസഹോദരനായ പ്രതി മുകേഷ് ചൗധരിയുടെ ജാമ്യം റദ്ദാക്കിയത്. പ്രതിയോട് വിചാരണ കോടതിയുടെ മുന്നിൽ ഹാജരാകാനും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. അമിത് നായരുടെ ഭാര്യ മമത നായർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി

2017 മെയ് 17-നാണ് അമിത് നായർ ജയ്പുരിലെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. ആറുമാസം ഗർഭിണിയായിരുന്ന മമതയുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. വ്യത്യസ്ത ജാതിയിൽപ്പെട്ട അമിതുമായുള്ള ദാമ്പത്യത്തെ മമതയുടെ വീട്ടുകാർ നേരത്തെ തന്നെ എതിർത്തിരുന്നു. സംഭവദിവസം മമതയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി മാതാപിതാക്കളായ ജീവൻ റാം ചൗധരിയും ഭാഗ്വാനി ദേവിയും അമിത്തിന്റെ വീട്ടിലെത്തി. ഇവർ മമതയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇവർക്കൊപ്പമെത്തിയ വാടകകൊലയാളിയാണ് അമിത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

അമിത്തിന്റെ കൊലപാതകം തന്റെ മാതാപിതാക്കളും സഹോദരനും ചേർന്ന് ആസൂത്രണം ചെയ്തതാണെന്നായിരുന്നു മമതയുടെ പരാതി. ഇവരെ പ്രതികളാക്കി പോലീസ് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. ഇതിനിടെ, മമതയുടെ സഹോദരൻ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. എന്നാൽ 2020 ഡിസംബറിൽ രാജസ്ഥാൻ ഹൈക്കോടതി മുകേഷിന് ജാമ്യം അനുവദിച്ചു. ഇതോടെയാണ് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് മമത നായർ സുപ്രീംകോടതിയെ സമീപിച്ചത്.

ജാമ്യത്തിലിറങ്ങിയ ശേഷം സഹോദരൻ തന്നെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായി മമത ആരോപിച്ചിരുന്നു. ബന്ധുക്കൾ മുഖേനയും പ്രതി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും ഇവർ പറഞ്ഞിരുന്നു.

സിവിൽ എൻജിനിയറിങ് ബിരുദധാരിയായ അമിത് നായർ രാജസ്ഥാനിൽ കൺട്രക്ഷൻ ബിസിനസ് നടത്തിവരികയായിരുന്നു. മമത നിയമബിരുദധാരിയുമാണ്. 2011-ലാണ് മമതയും അമിത്തും വിവാഹിതരായത്. ഈ സമയത്ത് അമിത്തിന്റെ ജാതിസംബന്ധിച്ച് മമതയുടെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. നാലുവർഷങ്ങൾക്ക് ശേഷമാണ് മമത ഇക്കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഇതോടെ മമതയുടെ കുടുംബത്തിന് അമിത്തിനോട് പക തുടങ്ങുകയായിരുന്നു.

വ്യത്യസ്തജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനാൽ മകൾക്ക് കുടുംബസ്വത്തിൽ അവകാശമില്ലെന്നും മകളുമായി കൂടുതൽ ബന്ധമില്ലെന്നും മാതാപിതാക്കൾ പ്രഖ്യാപിച്ചു. 2015-ൽ അമിത്തും മമതയും കേരളീയ ആചാരപ്രകാരം വീണ്ടും വിവാഹിതരായി. എന്നാൽ ഇതിനുശേഷവും മമതയുടെ കുടുംബം ദമ്പതിമാരെ ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നു. ഒരിക്കൽ മാതാപിതാക്കളുടെ ഭീഷണികാരണം മമത പോലീസിൽ നൽകിയിരുന്നെങ്കിലും ഇവർ ക്ഷമചോദിച്ചതിനാൽ പരാതി പിൻവലിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് 2017-ൽ അമിത്തിന്റെ കൊലപാതകത്തിൽ കലാശിച്ച സംഭവമുണ്ടായത്.

Content Highlights:malayali youth amit nair honour killing in rajasthan supreme court cancels accused bail