ബെംഗളൂരു: തോട്ടം ഉടമയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വെറുതേവിട്ട മലയാളിയായ തോട്ടം തൊഴിലാളിയെ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം കര്‍ണാടക ഹൈക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിവമോഗ സാഗര്‍ താലൂക്കിലെ കെരോടി ഗ്രാമത്തില്‍ ജോസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിജു കുര്യന്‍(32) ആണ് ജയിലിലേക്കു മടങ്ങുന്നത്.

2011 സെപ്റ്റംബറിലാണ് മലയാളിയായ ജോസിന്റെ തോട്ടത്തില്‍ തൊഴിലാളിയായി സിജു ജോലിയില്‍ പ്രവേശിച്ചത്. ജോസിനെ കാണാനില്ലെന്ന മകന്‍ സജിത്തിന്റെ പരാതിയില്‍ 2012 ജനുവരി 20-ന് സിജുവിനെ പോലീസ് അറസ്റ്റുചെയ്തു. പിറ്റേദിവസം തോട്ടത്തിന്റെ പടിഞ്ഞാറുഭാഗത്ത് ജോസിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസ് കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോള്‍, തലയ്ക്കും മുഖത്തിനുമേറ്റ അടിയാണ് മരണകാരണമെന്ന് മനസ്സിലായി. തുടര്‍ന്ന് സിജുവിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ 2011 ഡിസംബര്‍ രണ്ടിന് രാവിലെ ആറിനും ആറരയ്ക്കുമിടയില്‍ താനാണ് ജോസിനെ കൊന്നതെന്ന് കുറ്റസമ്മതം നടത്തി.

മൃതദേഹം കണ്ട സ്ഥലത്തുനിന്ന് കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുദണ്ഡും കണ്ടെടുത്തിരുന്നു. എന്നാല്‍, കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നുവിധിച്ച് 2013 ഓഗസ്റ്റ് എട്ടിന് വിചാരണക്കോടതി സിജുവിനെ വെറുതെവിട്ടു.

ഈ വിധിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.എന്‍. സത്യനാരായണയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞദിവസം സിജുവിനെ കുറ്റക്കാരനെന്നു കണ്ടെത്തുകയും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിക്കുകയുമായിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി കൂടുതല്‍ ശ്രദ്ധയും കരുതലും പുലര്‍ത്തേണ്ടിയിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Content Highlights: malayali gets life imprisonment in karnataka after seven years