മഞ്ചേരി: മാതാവിനാൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ച ഒന്നരവയസ്സുകാരിക്ക് ചൈൽഡ്ലൈൻ ഇടപെടലിൽ മോചനമായി. എടരിക്കോട് സ്വാഗതമാടുള്ള കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. മുപ്പതുകാരിയാണ് അമ്മ. പിതാവ് രണ്ടുവർഷമായി വിദേശത്താണ്. മൂന്നാമതും പെൺകുഞ്ഞായതാണ് അമ്മയ്ക്ക് കുഞ്ഞിനോട് ദേഷ്യമുണ്ടാകാൻ കാരണമായത്.

മുലപ്പാൽ നിഷേധിച്ചും വേണ്ടത്ര പരിചരണം നൽകാതെയുമാണ് ഇതു പ്രകടിപ്പിച്ചത്. കുഞ്ഞിന് കാലിന് ചെറിയ വൈകല്യവുമുണ്ട്. ഏഴു വയസ്സുള്ള മൂത്ത പെൺകുട്ടി മാനസികമായ വെല്ലുവിളി നേരിടുന്നുണ്ട്.

പീഡനം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയാണ് ചൈൽഡ്ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ്ലൈൻ പ്രവർത്തകർ വീട്ടിലെത്തി വിവരങ്ങൾ തിരക്കി. അവരുടെ മുന്നിലും കുഞ്ഞിനെ ഇഷ്ടമല്ലെന്നാണ് മാതാവ് പറഞ്ഞത്.

ഭർത്താവിന്റെ അവഗണനയും സ്ത്രീയെ മാനസികമായി തളർത്തി. ഇതെല്ലാം കുഞ്ഞിനോടുളള വെറുപ്പ് വർധിക്കാനിടയാക്കി. സി.ഡബ്ല്യു.സി. കമ്മിറ്റി കുഞ്ഞിനെ ഏറ്റെടുത്ത് രണ്ടത്താണി ശാന്തിഭവനിൽ സംരക്ഷണത്തിനായി കൈമാറി. റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.

ബന്ധുക്കൾക്ക് താത്‌പര്യമില്ലെങ്കിൽ കുഞ്ഞിന്റെ നല്ല ഭാവിക്ക് നിയമാനുസൃതം ദത്തുനൽകുമെന്നും സി.ഡബ്ള്യു.സി. ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ അറിയിച്ചു. സിറ്റിങ്ങിൽ അഡ്വ. ധനദാസ്, ഷഹനാസ്ബീഗം, തനൂജ ബീഗം തുടങ്ങിയവർ പങ്കെടുത്തു.

Content Highlights:malappuram child line and cwc rescued one and half year old baby girl from her family