ചെന്നൈ: മദ്യപാനത്തിനിടെ അടിപിടിയുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതികളോട് കുടി നിര്‍ത്തിയാല്‍ ജാമ്യം നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി. തിരുച്ചിറപ്പള്ളി സ്വദേശികളായ ശിവ, കാര്‍ത്തിക് എന്നിവരോടാണ് ഇനി മദ്യപിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ജാമ്യം അനുവദിക്കാമെന്ന് ജസ്റ്റിസ് ബി. പുകഴേന്തി അറിയിച്ചത്. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.

സുരേഷ്, പാണ്ഡ്യന്‍ എന്നീ രണ്ട് സുഹൃത്തുകളുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം ശിവയും കാര്‍ത്തിക്കും മദ്യപിച്ചു. ലഹരിയിലായതോടെ സുഹൃത്തുകള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുകയും അടിപിടിയാകുകയുമായിരുന്നു. സുരേഷിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കേസെടുത്ത പോലീസ് ശിവയെയും കാര്‍ത്തിയെയും അറസ്റ്റുചെയ്തു.

എന്നാല്‍, വ്യക്തിവിരോധത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തതെന്ന് ആരോപിച്ച പ്രതികള്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. യുവാക്കളിലെ മദ്യാസക്തി വര്‍ധിച്ചുവരികയാണെന്ന് അഭിപ്രായപ്പെട്ട കോടതി മദ്യലഹരിയാണ് കേസിന് അടിസ്ഥാനമായ അടിപിടിയിലേക്ക് നയിച്ചതെന്ന് നിരീക്ഷിച്ചു.

ഇനിമുതല്‍ മദ്യപിക്കില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍മാത്രമേ ജാമ്യം നല്‍കാന്‍ സാധിക്കൂവെന്ന് വ്യക്തമാക്കി ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി.