ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികത്തൊഴിലിനയച്ച അമ്മയ്ക്ക് പോക്‌സോ കോടതി വിധിച്ച 10 വര്‍ഷം തടവുശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി.കേസില്‍ വെറുതെവിട്ട അഞ്ചുപേരെ വീണ്ടും പ്രതിചേര്‍ത്ത കോടതി അവര്‍ക്കും തടവുശിക്ഷ വിധിച്ചു. ജസ്റ്റിസ് പി. വേല്‍മുരുകനാണ് ഹര്‍ജി പരിഗണിച്ചത്.

2015-ല്‍ പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് ക്രൂരപീഡനങ്ങള്‍ ആരംഭിച്ചത്. പണം സമ്പാദിക്കാന്‍ അമ്മതന്നെയാണ് കുട്ടിയെ ലൈംഗികത്തൊഴിലിനയച്ചത്. ദമ്പതിമാരായ ജയ, സെല്‍വം എന്നിവരും ലത എന്ന മറ്റൊരു ഇടനിലക്കാരിയും ചേര്‍ന്ന് കുട്ടിയെ പലര്‍ക്കായി കൈമാറി.
ഇവരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് തിരുപ്പതിയിലേക്ക് പോയ പെണ്‍കുട്ടിയെ അവിടെനിന്ന് പോലീസ് രക്ഷിച്ച് ചെന്നൈയിലെ സംരക്ഷണകേന്ദ്രത്തിലാക്കി.

സംഭവത്തില്‍ കഴിഞ്ഞവര്‍ഷമാണ് ചെന്നൈയിലെ പോക്‌സോ സ്‌പെഷ്യല്‍ കോടതി വിധിപറഞ്ഞത്. അമ്മയ്ക്ക് പത്ത് വര്‍ഷവും ഇടനിലക്കാരായ ജയ, സെല്‍വം എന്നിവര്‍ക്ക് ഏഴുവര്‍ഷവും തടവ് വിധിച്ചു. മറ്റൊരു ഇടനിലക്കാരിയായ ലത, പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേര്‍ എന്നിവരെ പോക്‌സോ കോടതി വെറുതെവിട്ടിരുന്നു.

പ്രതികളെ വെറുതെവിട്ടതിനെ എതിര്‍ത്ത് കേസന്വേഷിച്ച സി.ബി.സി.ഐ.ഡി. പോലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശിക്ഷിക്കപ്പെട്ട ജയ, സെല്‍വം എന്നിവരും അപ്പീല്‍ നല്‍കി.

അപ്പീല്‍ഹര്‍ജികളില്‍ വാദംകേട്ട ഹൈക്കോടതി അമ്മയടക്കം ശിക്ഷിക്കപ്പെട്ട മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. വെറുതെവിട്ട അഞ്ചുപേരെയും പ്രതി ചേര്‍ത്ത കോടതി ലതയ്ക്ക് ഏഴുവര്‍ഷം തടവും മറ്റു നാലുപേര്‍ക്ക് പത്ത് വര്‍ഷം തടവും ശിക്ഷ വിധിച്ചു.