ചെന്നൈ: ടൈപ്പുചെയ്തതിലെ അക്ഷരത്തെറ്റ് ശ്രദ്ധിക്കാതെ പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മൂന്നുവയസ്സുകാരിയെ ലൈംഗികമായി പിഡിപ്പിച്ചയാളെയാണ് 2018 സെപ്റ്റംബറില്‍ തിരുവാരൂര്‍ മഹിളാകോടതി കുറ്റവിമുക്തനാക്കിയത്.

ഇതിനെതിരേ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോക്സോ കേസ് ഇത്രയും ലാഘവത്തോടെ കണ്ട വിചാരണക്കോടതി ജഡ്ജിയെയും അന്വേഷണ ഉദ്യോഗസ്ഥനെയും ജസ്റ്റിസ് പി. വേല്‍മുരുഗന്‍ ശാസിച്ചു.

പീഡനശേഷം ദേഹപരിശോധനയില്‍ 'സെമന്‍' കണ്ടു എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ എഴുതിയത്. എന്നാല്‍ കിഴ്ക്കോടതിയിലെ ടൈപ്പിസ്റ്റ് 'സെമന്‍' എന്നതിനു പകരം 'എം' എന്ന ഇംഗ്ലീഷ് അക്ഷരം ഇരട്ടിപ്പിച്ച് സെമ്മണ്‍ എന്നാണ് രേഖപ്പെടുത്തിയത്. തമിഴില്‍ 'സെമ്മണ്‍' എന്നാല്‍ ചുവന്നമണ്ണ് എന്നാണ് അര്‍ഥം.

വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ജനനേന്ദ്രിയഭാഗത്ത് സെമ്മണ്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുള്ളതിനാല്‍ വിചാരണക്കോടതി ലാഘവത്തോടെ എടുത്തു. പ്രതിഭാഗം അഭിഭാഷകന്‍ അക്ഷരത്തെറ്റ് കൃത്യമായി ഉപയോഗപ്പെടുത്തി. ഇതാണ് പ്രതിയെ വെറുതെവിടാന്‍ ഇടയാക്കിയത്.

ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമാക്കിയതാണെന്നും കീഴ്ക്കോടതി ജഡ്ജി കൃത്യമായി പരിശോധിക്കാതെ പ്രതിയെ ശിക്ഷയില്‍ നിന്നൊഴിവാക്കിയതായിരിക്കുമെന്നും ജസ്റ്റിസ് വേല്‍മുരുഗന്‍ ചൂണ്ടിക്കാട്ടി.

ജഡ്ജിമാരും അന്വേഷണ ഉദ്യോഗസ്ഥരും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തരുതെന്നും കോടതി ഉപദേശിച്ചു.