ഭോപ്പാൽ: ലൈംഗികാതിക്രമ കേസിൽ വിചിത്രമായ ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. അതിക്രമത്തിനിരയായ സ്ത്രീ പ്രതിയുടെ കൈയിൽ രാഖി കെട്ടണമെന്നും പ്രതി പരാതിക്കാരിക്ക് സമ്മാനമായി പണവും മധുരവും നൽകണമെന്നുമാണ് കോടതി നിർദേശിച്ചത്. കഴിഞ്ഞ ഏപ്രിലിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോർ ബെഞ്ച് ഈ വ്യവസ്ഥകളും മുന്നോട്ടുവെച്ചത്.

അയൽവാസിയായ സ്ത്രീയെ വീട്ടിൽക്കയറി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് വിക്രം ബാർഗി എന്നയാൾ അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. കീഴ്ക്കോടതി കേസിൽ ജാമ്യം നിഷേധിച്ചതോടെ പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയമെന്നും താൻ ജയിലിലായതോടെ കുടുംബം പട്ടിണിയിലായെന്നുമായിരുന്നു പ്രതിയുടെ വാദം. ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് ആര്യ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് പ്രതിക്ക് ജാമ്യം അനുവദിച്ചു. 50000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിനൊപ്പം മുന്നോട്ടുവെച്ച ചില ഉപാധികൾ കാരണം കോടതി വിധി ശ്രദ്ധ നേടുകയായിരുന്നു.

രക്ഷാബന്ധൻ ദിവസമായ ഓഗസ്റ്റ് മൂന്നാം തീയതി പ്രതി ഭാര്യയ്ക്കൊപ്പം മധുരപലഹാരങ്ങളും രാഖിയുമായും പരാതിക്കാരിയുടെ വീട്ടിൽ പോകണമെന്നും അവർ പ്രതിയുടെ കൈയിൽ രാഖി കെട്ടണമെന്നുമായിരുന്നു പ്രധാന ഉപാധി. മാത്രമല്ല, ഇനിയുള്ള കാലം സ്ത്രീയെ സംരക്ഷിക്കാമെന്ന് പ്രതി സത്യംചെയ്യണം. 11,000 രൂപ പ്രതി പരാതിക്കാരിക്ക് രക്ഷാബന്ധൻ ദിവസത്തിലെ സമ്മാനമായി നൽകണം. പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുരവും വാങ്ങാൻ 5000 രൂപയും കൊടുക്കണം. ഇതെല്ലാം ക്യാമറയിൽ പകർത്തി അതിന്റെ ചിത്രങ്ങളും പണം സ്വീകരിച്ചതിന്റെ രസീതും കോടതി രജിസ്ട്രിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് രോഹിത് ആര്യ ആവശ്യപ്പെട്ടു.

Content Highlights:madhya pradesh high court ordered molestation accused get tied rakhi by complainant as bail conditiont