കൊച്ചി: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍മോചിതനായി. ഉച്ചയ്ക്ക് 2.10-ഓടെ കോടതിയുടെ ജാമ്യ ഉത്തരവ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറിനകം എം. ശിവശങ്കര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. ജയിലില്‍ വായിച്ചിരുന്ന പുസ്തകങ്ങളും ജയില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൈമാറി. 

അടുത്ത ബന്ധുക്കളാണ് ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനായി കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. ജയില്‍മോചിതനായ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പുറത്തിറങ്ങിയ ഉടന്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ അടുത്തബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം മറ്റൊരു വാഹനത്തിലേക്ക് അദ്ദേഹം യാത്ര മാറ്റി. 

ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ഇതോടെ 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം അദ്ദേഹത്തിന്റെ ജയില്‍മോചനത്തിന് വഴിത്തുറക്കുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പറഞ്ഞിരുന്ന ജാമ്യവ്യവസ്ഥകള്‍ തന്നെയാണ് ഈ കേസിലും കോടതി മുന്നോട്ടുവെച്ചത്. നേരത്തെ ഇ.ഡി.യുടെ കള്ളപ്പണ കേസിലും കസ്റ്റംസിന്റെ സ്വര്‍ണക്കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. 

Content Highlights: m sivasankar released from kakkanad jail after got bail in dollar smuggling case