ന്യൂഡല്‍ഹി: ദീർഘകാലമായി ജയിലിൽ കഴിയുന്നവർക്ക് ശിക്ഷയിളവ് നൽകുന്നതിന് മാനദണ്ഡമുണ്ടാക്കുന്നത് സുപ്രീംകോടതിയുടെ പരിഗണനയിൽ. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 20 വർഷത്തോളമായി ജയിലിൽ കഴിയുന്ന യു.പി. സ്വദേശി ഭഗീരഥിന്റെ കേസ് പരിഗണിക്കവേയാണ് വിഷയം വിശാലമായി പരിശോധിക്കാൻ തീരുമാനിച്ചത്.

ഗാസിയാബാദ് ജയിലിൽ കഴിയുന്ന ഭഗീരഥിന്റെ അപേക്ഷ യു.പി. ഗവർണർ തള്ളിയിരുന്നു. ഭഗീരഥിന്റെ ഹർജിയിൽ അഡ്വ. കാളീശ്വരം രാജിനെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചു. അപേക്ഷയും മറ്റ് രേഖകളും തയ്യാറാക്കി 15 ദിവസത്തിനകം അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ സമർപ്പിക്കണം.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരം ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ, ഏതെല്ലാം സാഹചര്യങ്ങളിൽ ശിക്ഷയിളവ് അനുവദിക്കാമെന്ന് വ്യക്തതയില്ല. ഇതിനു വ്യക്തമായ മാർഗരേഖയുണ്ടാക്കുന്ന കാര്യമാണ് പരിഗണനയിൽ.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പതിറ്റാണ്ടുകളായി ജയിലിൽ കഴിയേണ്ടി വരുന്നവരുണ്ട്. രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ, മുരുകൻ, ശാന്തൻ, ജയകുമാർ, രവി, റോബർട്ട് പയസ്, നളിനി എന്നിവർ 27 വർഷമായി തടവിലാണ്. ഇവരെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ ശുപാർശ ചെയ്തെങ്കിലും ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനമെടുത്തിട്ടില്ല. മുൻ പ്രധാനമന്ത്രിയെ കൊന്ന കേസിലെ പ്രതികളെ മോചിപ്പിക്കാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പേരറിവാളന്റെ ഹർജിയിൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

Content Highlight: life imprisonment for until death